
കൊച്ചി: ബിസിനസ്സ് ഇതര സമയങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നടത്തുന്ന ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഐസിഐസിഐ ബാങ്ക്. 50 രൂപയാണ് ഈടാക്കുക. നവംബര്‍ 1 മുതല്‍ ഫീസ് ചാര്‍ജ്ജ് ഈടാക്കുന്നത് പ്രാബല്യത്തില്‍ വന്നു. അവധി ദിവസങ്ങളിലും ബിസിനസ് ഇതര സമയങ്ങളിലും ക്യാഷ് റീസൈക്ലറുകള്‍ / ക്യാഷ് ആക്‌സെപ്റ്റര്‍ മെഷീന്‍ വഴി പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കളില്‍ നിന്നാണ് ബാങ്ക് ചാര്‍ജ്ജ് ഈടാക്കുന്നത്.
വൈകുന്നേരം 6:00 നും രാവിലെ 8:00 നും ഇടയില്‍ ഇടപാട് നടത്തുന്നവരില്‍ നിന്നും അവധി ദിവസങ്ങളില്‍ ഇടപാട് നടത്തുന്നവരില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. റീസൈക്ലര്‍ മെഷീന്‍ വഴി പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കാണ് ഫീസ് ബാധകം. ഒന്നിലധികമോ അല്ലെങ്കില്‍ ഒറ്റതവണയോ നീക്ഷേപിച്ചാലും ഫീസ് ഈടാക്കും.
അതേസമയം മുതിര്‍ന്ന പൗരന്മാര്‍, അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, ജന്‍ ധന്‍ അക്കൗണ്ടുകള്‍, കാഴ്ചയില്ലാത്തവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. നേരത്തേ ബാങ്കിംഗ് സമയത്തിന് ശേഷം ( വൈകുന്നേരം 5:00 നും 9:30 നും ഇടയില്‍) പണ നിക്ഷേപ ഇടപാടിന് സമാനമായ ഫീസ് ആക്‌സിസ് ബാങ്കും ഏര്‍പ്പെടുത്തിയിരുന്നു.