
ബെംഗളുരു: ലോക്ഡൗണിനെതുടര്‍ന്നുണ്ടായ സാമ്പത്തിക തളര്‍ച്ച ഡിജിറ്റല്‍ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലില്‍ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയില്‍ 24.7 കോടി ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലില്‍ നടന്നത്.
ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടിലും കാര്യമായകുറവുണ്ടായി. ഫെബ്രുവരിയില്‍ 132 കോടി ഇടപാടുകളാണ് നടന്നതെങ്കില്‍ ഏപ്രിലില്‍ 100 കോടിയ്ക്കുതാഴെയായി.
യുപിഐ വഴിയുള്ള ഇടപാടിന്റെമൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഏപ്രിലില്‍ മൊത്തം നടന്നത് 1.51 ലക്ഷംകോടി ഇടപാടുകളാണ്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കള്‍, തുണിക്കടകള്‍, രാസവസ്തുനിര്‍മാതാക്കള്‍, നിര്‍മാണക്കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കച്ചവടക്കാരുമായി ഇടപാട് നടത്താന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകള്‍ പറയുന്നു.