
റിലയന്‍സുമായുള്ള നിയമ യുദ്ധത്തില്‍ സുപ്രീം കോടതിയില്‍ ആമസോണിന് ജയം. ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍ ആസ്തികള്‍ വാങ്ങിക്കുവാനുള്ള കരാറുമായി റിലയന്‍സിന് മുന്നോട്ട് പോകുവാന്‍ സാധിക്കുകയില്ല എന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. 3.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു കരാര്‍. ഫ്യൂച്ചര്‍ റീട്ടെയിലിന്റെ വില്‍പ്പന നിര്‍ത്തി വയ്ക്കുവാനുള്ള സിംഗപ്പുര്‍ ആര്‍ബിട്രേറ്ററുടെ തീരുമാനം നടപ്പിലാക്കേണ്ടതാണെന്നും പരമോന്നത നീതി പീഠം വ്യക്തമാക്കി.
ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ജൂലൈ 29ന് വാദം കേട്ട കോടതി വിധി പറയുവാന്‍ ഇന്നത്തേക്ക് മാറ്റി വായ്ക്കുകയായിരുന്നു. ഫ്യൂച്ചറിന് വേണ്ടി അഡ്വ. ഹരീഷ് സാല്‍വേയും ആമസോണിന് വേണ്ടി അഡ്വയ ഗോപാല്‍ സുബ്രഹ്മണ്യവുമാണ് ഹാജരായിരുന്നത്. ഇരു റീട്ടെയില്‍ ഭീമന്മാരും തമ്മിലുള്ള നിയമ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നമുക്കൊന്ന് വിലയിരുത്തി നോക്കാം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് റീട്ടെയില്‍ ആസ്തികള്‍ വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചു എന്ന പേരിലാണ് തങ്ങളുടെ പാര്‍ട്ണര്‍ ആയിരുന്ന ഫ്യൂച്വര്‍ ഗ്രൂപ്പിനെ ആമസോണ്‍ കോടതി കയറ്റിയത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന്റെ ലംഘനമാണ് വില്‍പ്പനയ്ക്കുള്ള നീക്കം എന്നതായിരുന്നു ആമസോണിന്റെ വാദം. കഴിഞ്ഞ വര്‍ഷമായിരുന്നു 27,000 കോടി രൂപയ്ക്ക് റീട്ടെയില്‍ ആസ്തികള്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ റിലയന്‍സും ഫ്യൂച്ചര്‍ ഗ്രൂപ്പും തീരുമാനത്തിലെത്തിയത്.
എന്നാല്‍ സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ലയന തീരുമാനമാവുമായി മുന്നോട്ട് പോകുന്നതിനെ വിലക്കുകയാണുണ്ടായത്. ഇന്ന് സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററിന്റെ പ്രസ്തുത തീരുമാനത്തെ സൂപ്രീം കോടതി അംഗീകരിച്ചു. സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററിന്റെ തീരുമാനത്തിനെതിരെ ആമസോണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയും തീരുമാനം നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്.
ഇതിന് ശേഷമാണ് ആമസോണ്‍ സുപ്രീം കോടതിയെസമീപിക്കുന്നത്. ഡെല്‍ഹി കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി അടിയന്തിര ഇടപടെല്‍ നടത്തിയില്ല എങ്കില്‍ ഇന്ത്യയില്‍ 6.5 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി തയ്യാറെടുക്കുന്ന കമ്പനിയ്ക്ക് പരിഹരിക്കുവാന്‍ സാധിക്കാത്ത തീരാ നഷ്ടം അഭിമുഖീകരിക്കേണ്ടി വരുമെന്നും ആമസോണ്‍ വാദിച്ചു. 2019ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി തയ്യാറാക്കിയ കരാറില്‍ റീട്ടെയില്‍ ആസ്തികള്‍ മറ്റൊരാള്‍ക്കും വില്‍പ്പന നടത്തുവാന്‍ പാടില്ല എന്ന നിബന്ധന ഉണ്ടായിരുന്നു എന്നതായിരുന്നു ആമസോണിന്റെ വാദം.
ലോകത്തെ അതി സമ്പന്നരില്‍ രണ്ട് പേരായ ആമസോണിന്റെ ജെഫ് ബെസോസും, റിലയന്‍സിന്റെ മുകേഷ് അംബാനിയും തമ്മിലാണ് ഫ്യച്ചറിന്റെ ആസ്തികള്‍ സംബന്ധിച്ച നിയമ യുദ്ധം. 2019ലാണ് ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നത്. ഫ്യൂച്വര്‍ കൂപ്പണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി വിഹിതമാണ് ആമസോണിനുള്ളത്. ഫ്യൂച്ചര്‍ റീട്ടെയിലില്‍ ഇത് 9.82 ശതമാനമാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയില്‍ ബിസിനസ് കമ്പനിയാണ് ഫ്യൂച്ചര്‍. 1,700ല്‍ അധികം സ്റ്റോറുകള്‍ രാജ്യത്ത് കമ്പനിയ്ക്കുണ്ട്.