
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 2.24 കോടിയിലധികം നികുതിദായകര്‍ക്ക് 2.13 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ബുധനാഴ്ച അറിയിച്ചു. 2020 ഏപ്രില്‍ 1 നും 2021 മാര്‍ച്ച് 22 നും ഇടയിലാണ് ഇത്രയും തുക തിരികെ നല്‍കിയിരിക്കുന്നത്. വ്യക്തിഗത വരുമാന നികുതി (പിഐടി) യില്‍നിന്ന് 79,483 കോടി രൂപയും കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന് 1.34 ലക്ഷം കോടി രൂപയുമാണ് തിരികെ നല്‍കിയത്.
'ആദായനികുതി 2,21,92,812 കേസുകളിലായി 79,483 കോടി രൂപയും കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ 1,34,340 കേസുകളിലായി 2,22,188 കോടി രൂപയും റീഫണ്ട് ചെയ്തു,' ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
ഐ-ടി വകുപ്പ് നികുതി അടവ് സംവിധാനങ്ങള്‍ സുഗമമാക്കിയത് സമയബന്ധിതമായി പണം തിരികെ കിട്ടാന്‍ കാരണമായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ആദായ നികുതി വകുപ്പ്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ നികുതിദായകര്‍ക്ക് തിരികെ ലഭിക്കുന്ന പണം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ ഇനി അവശേഷിക്കുന്നത് വെറും ഒരാഴ്ച കൂടി മാത്രമാണുള്ളത്. ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങള്‍ക്കു നികുതി വിധേയ വരുമാനത്തില്‍നിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്.