ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി; ജൂലൈ 31 ല്‍ നിന്ന് സെപ്റ്റംബര്‍ 30 ലേക്ക്

July 30, 2020 |
|
News

                  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി; ജൂലൈ 31 ല്‍ നിന്ന് സെപ്റ്റംബര്‍ 30 ലേക്ക്

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. നിലവിലെ തീയതിയായ ജൂലൈ 31 ല്‍ നിന്ന് സെപ്റ്റംബര്‍ 30 ലേക്കാണ് നീട്ടിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകര്‍ക്ക് രണ്ട് മാസം കൂടി സമയം നീട്ടി നല്‍കുന്നത്. ആദായനികുതി വകുപ്പ് ഒരു ഔദ്യോഗിക ട്വീറ്റ് വഴിയാണ് ഈ കാര്യം അറിയിച്ചത്.

ഇത് നാലാം തവണയാണ് ആദായ നികുതി സമര്‍പ്പിക്കാനുള്ള തിയതി നീട്ടി നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി നിശ്ചയിച്ചിരുന്നത്, ഇത് രണ്ടാം തവണ ജൂണ്‍ 30 ലേക്ക് നീട്ടുകയും മൂന്നാം തവണ ജൂലൈ 31 ലേക്ക് നീട്ടുകയുമായിരുന്നു. ഈ തിയതിയാണ് ഇപ്പോള്‍ സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി ലാഭിക്കല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടിയതായി ഈ മാസം ആദ്യം ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതോടൊപ്പം, 2019-20 ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നിശ്ചിത തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2020 നവംബര്‍ 30 വരെ നീട്ടിയിരുന്നു. മാത്രമല്ല കോവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31-ലേക്ക് നീട്ടിയിരുന്നു.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ കൂടി നല്‍കണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ആധാറും പാനും ബന്ധിപ്പിക്കാതെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാന്‍ കഴിയില്ല. പുതിയ ഐടിആര്‍ ഫോമുകള്‍: ആദായ നികുതി റിട്ടേണ് സമര്പ്പിക്കുന്നതിന് നിലവില് ഏഴ് ഫോമുകളുണ്ട്. ഐ ടി ആര് 1-സഹജ്, ഐ ടി ആര്-2, ഐ ടി ആര്-3, ഐ ടി ആര്-4, ഐ ടി ആര്-5, ഐ ടി ആര്-6, ഐ ടി ആര്-7 എന്നിങ്ങനെയാണ് അവ.

Related Articles

© 2025 Financial Views. All Rights Reserved