
അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഹോട്ടല്‍,റസ്‌റ്റോറന്റ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് വ്യാപാരികള്‍ അറിയിച്ചു. സവാള,തക്കാളി,മുരിങ്ങക്കായ,പയര്‍ അടക്കം എല്ലാവിധ പച്ചക്കറികളുടെയും വില വര്‍ധനവ് താങ്ങാനാകാത്തതാണ്. അനിയന്ത്രിത വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും നിലനില്‍പ്പ് ഭീഷണിയാകുമെന്നും ഡിസംബര്‍ 17ന് നടക്കാനിരിക്കുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തിലാണ് സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇതിനിടെ സവാള അടക്കമുള്ള പച്ചക്കറികളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഭക്ഷണവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനും ഹോട്ടല്‍ ഉടമകളുടെ നേതൃത്വത്തില്‍ നീക്കം നടത്തുന്നുണ്ട്. ചെറിയ ഉള്ളി,സവാള,വെള്ളുള്ളി അടക്കമുള്ളവയുടെ തീവില നിയന്ത്രിക്കാന്‍ സംസ്ഥാന ,കേന്ദ്രസര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസുകളില്‍ വില വര്‍ധനവ് പരിഗണിച്ച് ചില ഭക്ഷണങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. നാഫെഡ് അടക്കമുള്ള സര്‍ക്കാര്‍ സംഭരണ വിതരണ കേന്ദ്രങ്ങള്‍ വഴി സവാള മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കിലോയ്ക്ക് 160 രൂപാ വരെയാണ് വിപണിയില്‍ സവാള വില.