പരസ്യ വരുമാനത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ടിവി ചാനലുകളെ മറികടക്കും

February 16, 2022 |
|
News

                  പരസ്യ വരുമാനത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ടിവി ചാനലുകളെ മറികടക്കും

ടിവിയെ പിന്നിലാക്കി സ്മാര്‍ട്ട് ഫോണ്‍. രാജ്യത്തെ പരസ്യ വിപണിയിലും ഇത് പ്രതിഫലിക്കുകയാണ്. ഈ വര്‍ഷം ഡിജിറ്റല്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി രാജ്യത്തെ സ്ഥാപനങ്ങള്‍ 48,603 കോടി രൂപ ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് പരസ്യങ്ങളുടെ ആകെ ചെലവിന്റെ 45 ശതമാനവും നീക്കിവെക്കുക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കായി ആവും എന്നര്‍ത്ഥം. മീഡിയ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം ഗ്രൂപ്പ്എം ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

പരസ്യ വരുമാനത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ടിവി ചാനലുകളെ മറികടക്കുമെന്ന സൂചനയാണ് ഗ്രൂപ്പ്എം പഠനം നല്‍കുന്നത്. ഒന്നാം സ്ഥാനത്ത് തുടരുന്ന ടിവി ചാനലുകള്‍ക്ക് 2021ല്‍ ആകെ വിപണിയുടെ 42 ശതമാനം ആണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച ആകെ തുകയിലും 22 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇന്ത്യയിലെ പരസ്യ വിപണി 1,07,987 കോടിയുടേതാകുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍,ചെലവാക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഒമ്പതാമത്തെ പരസ്യ വിപണിയാണ് ഇന്ത്യ. 2021ല്‍ 26.5 ശതമാനം വളര്‍ച്ചയോടെ 88,334 കോടി രൂപയായിരുന്നു രാജ്യത്തെ പരസ്യ വിപണി.

ലോകത്ത് ഡിജിറ്റല്‍ മേഖലയിലെ പരസ്യ വിപണി 14 ശതമാനം വളര്‍ച്ച നേടുമ്പോള്‍ ഇന്ത്യയില്‍ അത് 33 ശതമാനം ആണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍, ഒടിടി, സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യക്കാരെ ഡിജിറ്റല്‍ ഇടങ്ങളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 690 ബില്യണ്‍ മണിക്കൂറുകളാണ് ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്പുകളില്‍ ചെലവഴിച്ചത്. റിസര്‍ച്ച് സ്ഥാപനം ആപ്പ് ആനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പണം നല്‍കി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഇല്ല.
പണം നല്‍കുന്നതിനെക്കാള്‍ പരസ്യം കണ്ട് ആപ്പുകള്‍ ഉപയോഗിക്കുന്നതിനോടാണ് ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം. ഈ മനോഭാവവും ഡിജിറ്റല്‍ ഇടങ്ങളിലെ പരസ്യങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ത്തുന്നുണ്ട്. ഡിജിറ്റല്‍, ടിവി ചാനലുകള്‍ വിപണിയില്‍ മേധാവിത്വം തുടരുമ്പോള്‍ റേഡിയോ, പത്ര മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ഈ വര്‍ഷം 5 ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം പത്രങ്ങള്‍ 17 ശതമാനവും റേഡിയോ 10 ശതമാനവും വളര്‍ച്ച ഈ മേഖലയില്‍ നേടിയിരുന്നു.

Read more topics: # advertising,

Related Articles

© 2025 Financial Views. All Rights Reserved