
ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലെ വ്യപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം. യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹമദ് ആല്‍ സിയൂദിയുടെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ചര്‍ച്ച ആരംഭിച്ചത്. ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഡോ. ഥാനി ആല്‍ സിയൂദിയെയും സംഘത്തെയും ഇന്ത്യന്‍ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന് സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ രൂപപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കരാര്‍ സൗഹൃദരാജ്യങ്ങളായ യുഎഇക്കും ഇന്ത്യക്കും ബന്ധം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക, നിക്ഷേപ അവസരങ്ങള്‍ ആഴത്തിലാക്കുന്നതിനും തന്ത്രപരമായ സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനും സഹായിക്കും. എണ്ണയേതര വ്യപാരത്തില്‍ അഞ്ചുവര്‍ഷത്തിനകം 40ബില്യണ്‍ ഡോളറില്‍ നിന്ന് 100ബില്യണ്‍ ഡോളറിലേക്ക് ഇന്ത്യ-യുഎഇ ബന്ധം വളര്‍ത്താനാണ് ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നത്.
സാമ്പത്തിക സഹകരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ വിപണി സാധ്യതകള്‍ വിപുലീകരിക്കാനും പുതിയ തന്ത്രപരമായ കരാറുകള്‍ സ്ഥാപിക്കാന്‍ വേഗത്തില്‍ നീങ്ങുകയാണെന്നും ഡോ. ഥാനി ആല്‍ സിയൂദി പറഞ്ഞു. ഇന്ത്യക്കും നമ്മുടെ പ്രദേശത്തിനും ഇടയില്‍ നൂറ്റാണ്ടുകളായി വ്യാപാര മാര്‍ഗം നിലവിലുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന, സംരംഭകരെ ശാക്തീകരിക്കുന്ന, കഴിവുകളെ ആകര്‍ഷിക്കുന്ന, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിന് അടിത്തറ പാകാനാണ് പുതിയ വ്യാപാര നയത്തിലൂടെ ലക്ഷ്യമിടുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയുമായി സഹകരിക്കാനുള്ള അവസരം പ്രധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും അടുത്ത വര്‍ഷത്തിന് മുന്നോടിയായി നിലവില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് വിപുലമായ സഹകരണ കരാറില്‍ എത്താല്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പിയൂഷ് ഗോയല്‍ പറഞ്ഞു. നിലവലില്‍ ഇന്ത്യ, യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. യുഎഇയുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ ഒമ്പത് ശതമാനവും എണ്ണ ഇതര കയറ്റുമതിയുടെ 13 ശതമാനവും ഇന്ത്യമായാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാതിയില്‍ വ്യപാരം വലിയ രൂപത്തില്‍ വര്‍ധിച്ചതായി കണക്ക് സമീപദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. യുഎഇ ആഗോള തലത്തില്‍ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനായി വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇന്തോനേഷ്യയില്‍ ഡോ. ഥാനി ആല്‍ സിയൂദിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സമഗ്ര സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു.