
ന്യൂഡല്‍ഹി: റഫ്രിജറന്റുകളോട് കൂടിയ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 500 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ഇന്ത്യയിലേക്കുളള ഇറക്കുമതിയാണ് സര്‍ക്കാര്‍ വിലക്കിയത്. പ്രാദേശിക ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനുമായി ''അനിവാര്യമല്ലാത്ത ഇറക്കുമതി'' സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയര്‍കണ്ടീഷണറുകളും അതില്‍ നിറച്ച റഫ്രിജറന്റുകളുമായാണ് വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 469 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്പ്ലിറ്റ് എയര്‍കണ്ടീഷണറുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ചൈനയില്‍ നിന്ന് 241 മില്യണ്‍ ഡോളറും തായ്‌ലന്റില്‍ നിന്ന് 189 മില്യണ്‍ ഡോളറിന്റെയും ഇറക്കുമതിയാണ് നടന്നത്. 35 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിന്‍ഡോ എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. തായ്‌ലന്റില്‍ നിന്ന് 18 മില്യണ്‍ ഡോളറും അതേ കാലയളവില്‍ ചൈനയില്‍ നിന്ന് 14 മില്യണ്‍ ഡോളറുമായിരുന്നു ഇറക്കുമതി.