
ന്യൂഡല്‍ഹി: കൊവിഡിന്റെ വരവ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ അതീവ ഗുരുതരമായിട്ടാണ് ബാധിച്ചത്. ഇപ്പോള്‍ രാജ്യം കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമരുമ്പോഴും സാമ്പത്തിക മേഖല കടുത്ത ആശങ്കയിലാണ്. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെങ്കിലും നികുതി പിരിവിന്റെ വളര്‍ച്ചയെ ബാധിക്കില്ല എന്നാണ് ധനകാര്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കാരണം പല സംസ്ഥാനങ്ങളും ലോക്ക് ഡൗണിനെ കുറിച്ച് വീണ്ടും ആലോചിക്കുന്നത് സംബന്ധിച്ച് വ്യവസായികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ഡിമാന്‍ഡിനേയും കച്ചവടത്തേയും നികുതി പിരിവിനേയും ബാധിക്കും എന്നാണ് ചില വ്യവസായികള്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.
കസ്റ്റംസ് നികുതി, രാജ്യവ്യാപക ചരക്ക് സേവന നികുതി എന്നിവ ഉള്‍പ്പെടുന്ന പ്രത്യക്ഷ നികുതി മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം ഉയര്‍ന്ന് 10.71 ട്രില്യണില്‍ എത്തിയിരുന്നു എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ എം അജിത് കുമാര്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷവും ഇത് തുടരുമെന്നും കൊവിഡ് രണ്ടാം തരംഗം കാര്യമായി പ്രതിഫലിക്കില്ലെന്നും ചിലപ്പോള്‍ കഴിഞ്ഞ ഏപ്രിലേതിനേക്കാള്‍ കൂടുതല്‍ നേട്ടവും ഉണ്ടായേക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.
കോര്‍പറേറ്റ് നികുതിയും വ്യക്തിഗത നികുതിയും അടക്കമുളളവയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 9.45 ട്രില്യണിലേക്കാണ് വളര്‍ച്ച. പ്രതിസന്ധി ഘട്ടത്തെ മിക്ക സാമ്പത്തിക മേഖലകളും തരണം ചെയ്ത് കഴിഞ്ഞു. ഓട്ടോ മൊബൈല്‍സ്, സിമന്റ്, കെമിക്കല്‍സ്, ഇലക്ട്രോണിക്സ് അടക്കമുളള മേഖലകള്‍ വളര്‍ച്ചയുടെ അടയാളങ്ങള്‍ കാണിക്കുന്നുണ്ട് എന്നും അജിത് കുമാര്‍ വ്യക്തമാക്കി. ഏപ്രില്‍ 1 മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.