
ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എന്നാണ് കരകയറുക. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതസിന്ധിക്ക് വേഗത്തില്‍ പരിഹാരം ഉണ്ടാവമോ? അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ നേടുമോ എന്നാണ് ഇപ്പോള്‍ പലരും ഉറ്റുനോക്കുന്നത്. അതേമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വരും വര്‍ഷങ്ങളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തുമെന്ന് ഏറ്റവും പുതിയ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ 2026ല്‍ ജര്‍മ്മനിയെ മറികടന്ന് നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും 2034ല്‍ ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2026ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യ 2019ല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 2026ല്‍ ജര്‍മ്മനിയെ ഇന്ത്യ മറികടക്കും. 2034ല്‍ ജപ്പാനെയും മറികടക്കും. 'വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ 2020' എന്ന് പേരിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
അടുത്ത 15 വര്‍ഷം മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്ത്യയും ജപ്പാനും ജര്‍മ്മനിയും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നും ആത്യന്തിക വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് 2024 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകാനാവില്ല. പക്ഷെ 2026ല്‍ ആ ലക്ഷ്യം നേടാനാവുമെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.
അതേസമയം ആഗോള സാമ്പത്തിക ഭൂപടത്തില്‍ അമേരിക്കയുടെയും ചൈനയുടെയും സ്വാധീനത്തിന് അടുത്ത കാലത്തൊന്നും ഇളക്കംതട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തികപാദത്തില്‍ 4.5 ശതമാനമായത് തിരിച്ചടിയാണ്. കൂടുതല്‍ കരുത്തുറ്റ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, ആഗോള തലത്തില്‍ ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിനായുള്ള നടപടികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി തുടരുന്നു എന്ന് വ്യാഴാഴ്ച പുറത്തുവിട്ട ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ അറിയിച്ചത്. ബാങ്കിങ് മേഖലയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കുക വഴി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ആഗോള ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നും രാജ്യന്തര സംഭവ വികാസങ്ങളില്‍ നിന്നുമുള്ള അപകടങ്ങള്‍ നിലനില്‍ക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു.
2020 മാര്‍ച്ചില്‍ നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരിക്കെയാണ് സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന് വ്യക്തമാക്കി കൊണ്ട് ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഉപഭോഗവും നിക്ഷേപവും പുനരുജ്ജീവിപ്പിക്കുക എന്നത് സാമ്പത്തിക സസ്ഥിരതയ്ക്ക് നിര്‍ണായകമാണ്. സ്വകാര്യ മേഖലാ ബാങ്കുകളുടെ വായ്പാ വളര്‍ച്ച ഇരട്ട അക്കമായി 16. 5 ശതമാനമായി ഉയര്‍ന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് ഒരു അന്താരാഷ്ട്ര ഏജന്‍സി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.