
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകള്‍ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും ഡിജിറ്റൈസേഷന്റെ വളര്‍ച്ച ഉള്‍ക്കൊള്ളാനും കഴിയേണ്ടതുണ്ടെന്ന് അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 74ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കൊറോണയ്ക്ക് ശേഷം ലോകത്തെ ഡിജിറ്റല്‍വ്തകരിക്കപ്പെട്ട സംവിധാനങ്ങളെ വേഗത്തില്‍ ഉള്‍ക്കൊള്ളുന്നതില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയിലെ ബാങ്കുകള്‍ മുന്നിട്ടുനിന്നുവെന്ന് അവര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ മനസോടെ എല്ലാ ബാങ്കുകളും സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പുതിയ ടെക്‌നോളജികള്‍ ആവശ്യമായി വരും. അവര്‍ ഭാവിയില്‍ ഇന്ത്യയുടെ സവിശേഷതയായി മാറുമെന്നും അവര്‍ പ്രതീക്ഷ പങ്കുവെച്ചു. രാജ്യത്ത് ബാങ്കിങ് സെക്ടര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പല ഗ്രാമ മേഖലകളിലും ബാങ്കിങ് സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന കാര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ഭൗതിക സാന്നിധ്യം ഉറപ്പുവരുത്താന്‍ മാത്രമല്ല, ബ്രാഞ്ചുകളോ സേവനങ്ങള്‍ നേരിട്ടെത്തിക്കാനോ സാധിക്കാത്ത സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സൗകര്യം ഫലവത്തായി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ട് വെച്ചു.