
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു. ജപ്പാനിലെ ടോക്കിയോയില്‍ വെച്ചാണ് കരാറിലേര്‍പ്പെട്ടത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഡിഎഫ്സി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്‌കോട്ട് നാഥനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.
ഇതോടെ ഇന്ത്യാ ഗവണ്‍മെന്റും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഗവണ്‍മെന്റും 1997-ല്‍ തമ്മില്‍ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ പുതിയ കരാര്‍ അസാധുവാക്കുന്നു. 1997-ല്‍ കരാര്‍ ഒപ്പുവെച്ച ശേഷം ഡിഎഫ്‌സി എന്ന പുതിയ ഏജന്‍സി അടക്കം അമേരിക്കയിലും ഇന്ത്യയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈയടുത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന ബില്‍ഡ് ആക്റ്റ് 2018 ന് ശേഷം പഴയ ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ (ഒപിഐസി) പിന്‍ഗാമിയായി രൂപം കൊണ്ടതാണ് യുഎസ്എ ഗവണ്‍മെന്റിന്റെ ഡെവലപ്മെന്റ് ഫിനാന്‍സ് ഏജന്‍സി. കടം, ഓഹരി നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീ ഇന്‍ഷുറന്‍സ്, സാധ്യതയുള്ള പ്രോജക്ടുകള്‍ക്കും ഗ്രാന്റുകള്‍ക്കും വേണ്ടിയുള്ള സാധ്യതാ പഠനങ്ങള്‍ തുടങ്ങിയവയാണ് ഡിഎഫ്സി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പിന്തുണ പദ്ധതികള്‍.
ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നത് തുടരുന്നതിന് ഡിഎഫ്സിയുടെ നിയമപരമായ ആവശ്യകതയാണ് കരാര്‍. ഡിഎഫ്‌സിയോ അവരുടെ മുന്‍ഗാമിയായ ഏജന്‍സികളോ 1974 മുതല്‍ ഇന്ത്യയില്‍ സജീവമാണ്. ഇതുവരെ 5.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപ പിന്തുണ ഈ അമേരിക്കന്‍ ഏജന്‍സികള്‍ വഴി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അതില്‍ 2.9 ബില്യണ്‍ ഡോളര്‍ ഇപ്പോഴും കുടിശ്ശികയാണ്. ഇന്ത്യയില്‍ നിക്ഷേപ പിന്തുണ നല്‍കുന്നതിനായി നാല് ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശങ്ങള്‍ ഡിഎഫ്സിയുടെ പരിഗണനയിലാണ്.
കോവിഡ്-19 വാക്‌സീന്‍ നിര്‍മ്മാണം, ആരോഗ്യ സംരക്ഷണ ധനസഹായം, പുനരുപയോഗ ഊര്‍ജ്ജം, എസ്എംഇ ധനസഹായം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസനത്തിന് പ്രാധാന്യമുള്ള മേഖലകളില്‍ ഡിഎഫ്‌സി നിക്ഷേപ പിന്തുണ നല്‍കിയിട്ടുണ്ട്. നിക്ഷേപ പ്രോത്സാഹന കരാര്‍ ഒപ്പിടുന്നത് ഇന്ത്യയില്‍ ഡിഎഫ്‌സി നല്‍കുന്ന നിക്ഷേപ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ സഹായകമാകും.