
ന്യൂഡല്‍ഹി: ദേശസാത്കൃത ബാങ്കായ ഇന്ത്യന്‍ ബാങ്ക് വന്‍ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 4000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കുന്നത്. ഓഹരി വില്‍പനയിലൂടെ ആണ് ഇത് സാധ്യമാക്കുക. മൂലധന സമാഹരണത്തിന് ബാങ്കിന്റെ ഓഹരി ഉടമകള്‍ 2021 മാര്‍ച്ച് 2 ന് ചേര്‍ന്ന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 9 ന് നടന്ന കമ്മിറ്റി ഓഫ് ഡയറക്ടേഴ്സ് മീറ്റിങ്ങില്‍ ആണ് അന്തിമ തീരുമാനത്തില്‍ എത്തിയത്.
ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ്) വഴിയാണ് മൂലധന സമാഹരണം നടത്തുന്നത്. പ്രീമിയം ഉള്‍പ്പെടെ നാലായിരം കോടി രൂപ സമാഹരിക്കാനാകും എന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്യുഐപി വഴി ഓഹരി വില്‍പന നടത്തുമ്പോള്‍, ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഉള്ള ഓഹരികളില്‍ കുറവ് വരും.
നിലവില്‍ ഇന്ത്യന്‍ ബാങ്കിന്റെ 88.06 ശതമാനം ഓഹരികളും പ്രൊമോട്ടര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ കൈവശമാണ്. 2018 ഓഗസറ്റ് മൂന്ന് മുതലുള്ള മൂന്ന് വര്‍ഷം കൊണ്ട് പൊതുഓഹരി പങ്കാളിത്തം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 1907 ല്‍ ചെന്നൈ ആസ്ഥാനമായാണ് ഇന്ത്യന്‍ ബാങ്ക് സ്ഥാപിതമായത്. അണ്ണാമലൈയും രാമസ്വാമി ചെട്ടിയാരും ആയിരുന്നു ബാങ്കിന്റെ സ്ഥാപകര്‍. 1969 ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കരിച്ച 14 ബാങ്കുകളില്‍ ഒന്നാണ് ഇന്ത്യന്‍ ബാങ്ക്. നിലവില്‍ പത്ത് കോടിയില്‍ പരം ഉപഭോക്താക്കളുണ്ട് ബാങ്കിന്. ഇരുപതിനായിരത്തില്‍ പരം ജീവനക്കാരും ഉണ്ട്.
ഇന്ത്യയില്‍ മൊത്തമായി 6,089 ബ്രാഞ്ചുകളും 5,022 എടിഎമ്മുകളും 1,494 ക്യാഷ് ഡെപോസിറ്റ് മെഷീനുകളും ഇന്ത്യന്‍ ബാങ്കിനുണ്ട്. 2020 ഏപ്രില്‍ 1 ന് കേന്ദ്ര മന്ത്രിസഭ തീരുമാനപ്രകാരം അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ ലയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്ക് ആയി മാറി ഇന്ത്യന്‍ ബാങ്ക്.