സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ വഴികളും തേടി കേന്ദ്രസര്‍ക്കാര്‍; റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ധനം പിടിച്ചുവാങ്ങിയിട്ടും പരിഹാരമില്ല; നടപ്പുവര്‍ഷവും ധന കമ്മി ഉയരാന്‍ സാധ്യത

September 30, 2019 |
|
News

                  സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ വഴികളും തേടി കേന്ദ്രസര്‍ക്കാര്‍; റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ധനം പിടിച്ചുവാങ്ങിയിട്ടും പരിഹാരമില്ല; നടപ്പുവര്‍ഷവും ധന കമ്മി ഉയരാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഇപ്പോള്‍ ഗരുരുതരമായ പരിക്കാണ് ഉണ്ടായിട്ടുള്ളത്. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. കാര്‍ഷക നിര്‍മ്മാണ മേഖലയില്‍ ഇപ്പോഴും മോശം കാലാവാസ്ഥ തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്രം വാങ്ങിയിട്ടും പ്രതിസന്ധികളൊന്നും സര്‍ക്കാറിനെ വിട്ടൊഴിയുന്നില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാജ്യത്തെ  ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

ധനക്കമ്മി മറികടക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിറുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതല്‍ 30,000 കോടിരൂപവരെ ധനക്കമ്മി നികത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ കേന്ദ്രസര്‍ക്കാരിന് റിസര്‍വ്ബാങ്ക് കൈമാറിയിരുന്നു.കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പൊതുകടം 2019-2020 സാമ്പത്തിക വര്‍ഷം 7.10 ലക്ഷം കോടിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മൊത്തം കടബാദ്ധ്യതയില്‍ വര്‍ദ്ധനവുണ്ടയ കണക്കുകള്‍ പുറത്തുവന്നിരുന്നു. കണക്കുകള്‍ പ്രകാരം ജൂണ്‍ പാദത്തില്‍ 88.18 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ മൊത്തം കടബാദ്ധ്യത. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 84.6 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച കേന്ദ്രധനമന്ത്രാലയംതന്നെ പുറത്തുവിട്ട കണക്കുകളാണിത്.

നടപ്പുസത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 2.22 ലക്ഷം കോടി രൂപ മൂല്യമുള്ള ഡേറ്റിട്ട സെക്യൂരിറ്റികള്‍ കേന്ദ്രം ഇഷ്യൂ ചെയ്തിട്ടുണ്ട്. 2019ല്‍ ഇത് 1.4 ലക്ഷം കോടിയായിരുന്നു. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ പൊതുകടം 49 ശതമാനം വര്‍ദ്ധിച്ചതായി എട്ടാമത് സ്റ്റാറ്റസ് പേപ്പര്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നു. 2018 സെപ്റ്റംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 82 ലക്ഷം കോടിയാണ്. 2014ല്‍ ഉണ്ടായിരുന്ന 54,90,763 കോടിയില്‍ നിന്നാണ് ഇത്രയും തുക വര്‍ദ്ധിച്ചത് എന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

2018ല്‍ രാജ്യത്തെ ഒരാള്‍ക്ക് 1402 ഡോളര്‍ (100944 രൂപ) കടമാണ് ഉള്ളതെന്ന് കണ്‍ട്രിഎകോണമി ഡോട് കോം കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു. അതായത് ഓരോരുത്തരും ഒരു ലക്ഷം രൂപയുടെ കടക്കാരനാണ് എന്നര്‍ത്ഥം. 2008ല്‍ പക്ഷെ ഇത് 781 ഡോളര്‍ (56232 രൂപ) മാത്രമായിരുന്നു. സര്‍ക്കാരിന്റെ കടം കൂടിയിട്ടും നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മിയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved