
ന്യൂഡല്‍ഹി: പ്രിയപ്പെട്ടവരുടെ വിവാഹത്തിനോ ജന്മദിനത്തിനോ നല്‍കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു സമ്മാന പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രംഗത്ത്. വണ്‍സ് ഫോര്‍ യു എന്ന ഇലക്ട്രിക് ഫ്യൂവല്‍ വൗച്ചര്‍ പുറത്തിറക്കിയതായി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് കമ്പനി. ഓണ്‍ലൈനായി വൗച്ചറുകള്‍ സ്വന്തമാക്കാം. 'വിവാഹങ്ങള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനം' കൂടാതെ മറ്റേതെങ്കിലും ആഘോഷങ്ങള്‍ക്ക് സമ്മാനിക്കാവുന്ന പാരിതോഷികം എന്ന വാക്യങ്ങളോടെയാണ് പരസ്യം.
ഓണ്‍ലൈനായി വാങ്ങാനും ഡിജിറ്റലായി നല്‍കാനും കഴിയുന്ന ഇ-ഫ്യൂവല്‍ വൗച്ചര്‍ പദ്ധതിയാണ് ഐ.ഒ.സി അവതരിപ്പിച്ചിരിക്കുന്നത്. 500 രൂപയുടേതാണ് ഏറ്റവും കുറഞ്ഞ ഇന്ധന വൗച്ചര്‍. 10,000 രൂപയുടേതാണ് ഏറ്റവും വില കൂടിയ വൗച്ചര്‍. 1000, 2000, 5000 രൂപയുടെ വൗച്ചറുകളും ലഭ്യമാണ്.
കൂടാതെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വൗച്ചര്‍ സ്വന്തമാക്കാം. അതേസമയം, കമ്പനിയുടെ പുതിയ വൗച്ചര്‍ പദ്ധതിയെ രസകരമായ കമന്റുകളോടെയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചത്. ഏറ്റവും വിലകൂടിയ സമ്മാനം ഇതിലൂടെ നല്‍കാന്‍ സാധിക്കുമെന്നാണ് മിക്കവരുടെയും പ്രതികരണം.