
കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ 69.48 ലായിരുന്ന ഇന്ത്യന്‍ രൂപ ഓഹരി വിപണിയില്‍ 31 പൈസ വര്‍ധിച്ച് 69.39 ലെത്തി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതാണ് ഈ നേട്ടത്തിലേയ്ക്ക് എത്താന്‍ രൂപയെ സഹായിച്ച പ്രധാന ഘടകം. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 426 പോയിന്റ് ഉയര്‍ന്ന് സൂചിക 40,140 ലേക്ക് എത്തി. ദേശീയ ഓഹരി സൂചിക ചരിത്രത്തില്‍ ആദ്യമായി 12,050ലെത്തിയിരിക്കുന്നു. 127 പോയിന്റ് ഉയര്‍ന്നാണ് നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനയോഗം ആരംഭിച്ചത് ഇന്നാണ്. യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ കുറവുണ്ടായേക്കുമെന്ന സൂചനകളാണ് വിപണി നേട്ടത്തിന് കാരണമായതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.