ഇന്ത്യയുടെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ പിന്നിട്ടു; 145 ശതമാനം വര്‍ധനവ്

January 30, 2021 |
|
News

                  ഇന്ത്യയുടെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ പിന്നിട്ടു;  145 ശതമാനം വര്‍ധനവ്

നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ മൂന്നുപാദങ്ങള്‍ക്കൊണ്ട് ഇന്ത്യയുടെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ (158.74 ബില്യണ്‍ ഡോളര്‍) പിന്നിട്ടു. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം കണക്കുകൂട്ടിയതിലും 145.5 ശതമാനം വര്‍ധനവാണ് ആദ്യ 9 മാസങ്ങള്‍ക്കൊണ്ട് കണ്ടിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം 9.62 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. ഇതേസമയം, 22.8 ലക്ഷം കോടി രൂപ ഖജനാവില്‍ നിന്നും സര്‍ക്കാരിന് ചിലവഴിക്കേണ്ടിയും വന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം നിശ്ചലമായതും കേന്ദ്രത്തിന്റെ വരുമാനം കുറച്ചു.

മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലഘട്ടത്തില്‍ (ഏപ്രില്‍ - ഡിസംബര്‍) ബജറ്റില്‍ പ്രതീക്ഷിച്ചതിലും 132.4 ശതമാനം വര്‍ധനവ് ധനക്കമ്മിയില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടിരുന്നു. എന്തായാലും നടപ്പു സാമ്പത്തികവര്‍ഷം ചിത്രം കൂടുതല്‍ രൂക്ഷമാണ്. 2020-21 വര്‍ഷം 7.96 ലക്ഷം കോടി രൂപയാണ് കേന്ദ്രം കണക്കാക്കിയ മൊത്തം ധനക്കമ്മി. ജിഡിപിയുടെ 3.5 ശതമാനം വരുമിത്. എന്നാല്‍ ആദ്യ മൂന്നുപാദങ്ങള്‍ക്കൊണ്ടുതന്നെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ തൊട്ടിരിക്കുകയാണ്.

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൈനസ് 7.7 ശതമാനമായിരിക്കുമെന്ന് വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. ഏപ്രില്‍ - ജൂണ്‍ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച -23.9 ശതമാനമായി തകര്‍ന്നു. സെപ്തംബര്‍ പാദത്തില്‍ -7.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാനിരക്ക്.

1960-61 കാലഘട്ടത്തിന് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. 1965-66, 1971-72 കാലഘട്ടങ്ങളില്‍ യുദ്ധവും വരള്‍ച്ചയും ഇന്ത്യയെ സാമ്പത്തികമായി പിന്നോട്ടു വലിച്ചിരുന്നു. 1979-80 കാലഘട്ടത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വവും വരള്‍ച്ചയും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി. മേല്‍പ്പറഞ്ഞ കാലങ്ങളില്‍ കാര്‍ഷിക ഉത്പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നതും രാജ്യം കണ്ടിരുന്നു. എന്നാല്‍ 2020-21 വര്‍ഷം കാര്‍ഷിക മേഖല ഉണര്‍ന്നത് കാണാം. കോവിഡ് പ്രതിസന്ധിയാണ് ഇത്തവണ ഇന്ത്യയുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.

എന്തായാലും ജിഡിപി തകര്‍ച്ചയില്‍ നിന്നും അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യ കരകയറുമെന്ന് സാമ്പത്തിക സര്‍വേ പറയുന്നുണ്ട്. 2021-22 വര്‍ഷം 11 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ സമ്പദ്ഘടന 'വി' മാതൃകയിലായിരിക്കും തിരിച്ചുവരവ് നടത്തുക.

രാജ്യത്തെ ബിസിനസുകള്‍ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിയന്ത്രണങ്ങള്‍ പതിയെ വിട്ടുമാറുന്നതും സമ്പദ്ഘടനയുടെ അതിവേഗ തിരിച്ചുവരവിന് വഴിതെളിക്കും. ഉത്സവകാലങ്ങളിലെ ഡിമാന്‍ഡും വരാനിരിക്കുന്ന നയരൂപീകരണങ്ങളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി പിന്തുണയ്ക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved