ഇന്ത്യയുടെ സംയോജിത ബജറ്റ് കമ്മി 12.7 ശതമാനത്തിലെത്തും: എസ്ബിഐ റിപ്പോര്‍ട്ട്

March 10, 2021 |
|
News

                  ഇന്ത്യയുടെ സംയോജിത ബജറ്റ് കമ്മി 12.7 ശതമാനത്തിലെത്തും: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സംയോജിത ബജറ്റ് കമ്മി 12.7 ശതമാനത്തിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ചെലവിടലുകള്‍ പരിഗണിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ആരോഗ്യസംരക്ഷണ ചെലവ്, കോവിഡ് 19 വരുമാനത്തില്‍ സൃഷ്ടിച്ച ഇടിവ് എന്നിവയാണ് കമ്മി വര്‍ധിക്കുന്നതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരുകളുടെ വായ്പാ ഭാരം കുത്തനെ ഉയര്‍ന്നയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭവങ്ങളുടെ അഭാവം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കേണ്ടിവന്നു. 13 സംസ്ഥാനങ്ങളിലെ ശരാശരി ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.5 ശതമാനത്തിലെത്തി.   

'കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണ്, എന്നാല്‍ നികുതി വരുമാനത്തില്‍ ഉണ്ടായ തകര്‍ച്ചയും ചെലവിലുണ്ടായ ഗണ്യമായ വര്‍ധനയും സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ദുര്‍ബലമാക്കി, ''എസ്ബിഐ-യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ തങ്ങളുടെ കമ്മി 9.5 ശതമാനമായിരിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ സംരംഭങ്ങളുടെ ബജറ്റിനു പുറത്തെ വായ്പയെടുക്കല്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതായിരുന്നു. എന്നാല്‍ കമ്മി 8.7 ശതമാനമായിരിക്കും എന്നാണ് എസ്ബിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.   

ചരക്ക്-സേവനങ്ങളില്‍ നിന്നുള്ള വരുമാനം, മൂല്യവര്‍ധിത നികുതി എന്നിവ നടപ്പുവര്‍ഷത്തെ സംസ്ഥാന ബജറ്റുകളില്‍ പ്രതീക്ഷിച്ചതില്‍ നിന്ന് കുത്തനെ ഇടിഞ്ഞു. തല്‍ഫലമായി, സംസ്ഥാനങ്ങള്‍ മൂലധന ചെലവിടല്‍ കുറച്ചു. മിക്ക സംസ്ഥാനങ്ങളും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ആരോഗ്യ സംരക്ഷണത്തിനു പോലും കൂടുതല്‍ ഉയര്‍ന്ന തുക അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എസ്ബിഐ വിശകലനം ചെയ്ത 13 സംസ്ഥാനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് അടുത്ത വര്‍ഷം ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമായുളള വകയിരുത്തല്‍ 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved