
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയര്‍ന്ന് 581.21 ബില്യണ്‍ ഡോളറിലെത്തി. 4.34 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് വിദേശനാണ്യ ശേഖരത്തിലുണ്ടായത്. ഏപ്രില്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 2.42 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 576.28 ബില്യണ്‍ ഡോളറായിരുന്നു. 2021 ജനുവരി 29 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്‌സ് കരുതല്‍ റെക്കോര്‍ഡ് നിലവാരത്തില്‍ ഉയര്‍ന്ന് 590.18 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
അവലോകന ആഴ്ചയില്‍, മൊത്തത്തിലുള്ള കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളുടെ (എഫ് സി എ) വര്‍ദ്ധനവാണ് ഫോറെക്‌സ് കരുതല്‍ ധനം വര്‍ദ്ധനയ്ക്ക് ഇടയാക്കിയ പ്രധാനകാരണം, എഫ്‌സിഎ 3.02 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 539.45 ബില്യണ്‍ ഡോളറായി. വിദേശ കറന്‍സി ആസ്തികളില്‍ ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലം കൂടി ഉള്‍പ്പെടുന്നു.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, സ്വര്‍ണ്ണ ശേഖരം 1.30 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 35.32 ബില്യണ്‍ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയുമായി (ഐ എം എഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ 6 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 1.49 ബില്യണ്‍ ഡോളറിലെത്തി. ഐ എം എഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനം ഈ കാലയളവില്‍ 24 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.95 ബില്യണ്‍ ഡോളറിലെത്തി.