
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ധനം 8.22 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് ആദ്യമായി അര ട്രില്യണ്‍ കടക്കുന്നു. ജൂണ്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 501.70 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് വിദേശ കറന്‍സി ആസ്തിയില്‍ വന്‍ വര്‍ധനവിന് കാരണമായി. മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 8.42 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 463.63 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ആകാശവാണിയുടെ ന്യൂസ് സര്‍വീസ്സ് ഡിവിഷനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ആഴ്ച, കരുതല്‍ ധനം 3.44 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 493.48 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, സ്വര്‍ണ്ണ ശേഖരത്തിന്റെ ആകെ മൂല്യം കുറയുകയാണ്. സ്വര്‍ണ്ണ ശേഖരം 329 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 32.352 ബില്യണ്‍ ഡോളറായി മാറി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 10 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 1.44 ബില്യണ്‍ ഡോളറായി. രാജ്യത്തിന്റെ കരുതല്‍ ധനം 120 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.28 ബില്യണ്‍ ഡോളറായി.