ഇന്ത്യയുടെ ജിഡിപി 8.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

October 08, 2021 |
|
News

                  ഇന്ത്യയുടെ ജിഡിപി 8.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി 8.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഇതേ വളര്‍ച്ചാ നിരക്കാണ് ലോക ബാങ്ക് പ്രവചിച്ചത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം നടപ്പിലാക്കിയ നയങ്ങലും പൊതു നിക്ഷേപത്തിലുണ്ടായ വര്‍ധനവുമാണ് വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങളായി ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. സേവന മേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള വികസന മാതൃകയും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്.

അതേ സമയം ഉയര്‍ന്ന പണപ്പെരുപ്പവും അസംഘടിത മേഖലയിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കും ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുമെന്നത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.5 ശതമാനം വളര്‍ച്ച നേടും. അതേ സമയം 2023-24 കാലയളവില്‍ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറയും. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം രാജ്യം 9.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലാകെ കുറഞ്ഞുവരുകയാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് വിലയിരുത്തി. 2021-22കാലയളവില്‍ മേഖല 7.1 ശതമാനം വളര്‍ച്ച കൈവരിക്കും. എന്നാല്‍ 2023ല്‍ മേഖലയുടെ വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved