
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ലഭ്യതയുടെ ചെലവ് കുറഞ്ഞതോടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഇത് കുത്തനെ കുതിച്ചുയരുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണി വന്‍ കുതിപ്പിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍.
കൊവിഡ് സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണിയെ ശരിക്കും ഉത്തേജിപ്പിച്ചത്. വിനോദങ്ങള്‍ക്കായി പുറത്തിറങ്ങാനായതോടെ കൂടുതല്‍ പേരും ഇത്തരം സാധ്യതകളിലേക്ക് ഒതുങ്ങുകയായിരുന്നു. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ മേഖല മൊത്തത്തില്‍ ഉണ്ടാക്കിയ വരുമാനം 1.4 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്ക്. ഏതാണ്ട് പതിനായിരം കോടിയില്‍ അധികം രൂപ!
എങ്ങനെയാണ് ഓണ്‍ലൈന്‍ വീഡിയോ ബിസിനസില്‍ വരുമാനം വരുന്നത് എന്നല്ലേ. പ്രധാനമായും പരസ്യങ്ങളിലൂടെ തന്നെ ആണ് വരുമാനം. എന്നാല്‍ മോശമല്ലാത്ത ഒരു ശതമാനം വരുമാനം സബ്സ്‌ക്രിപഷനിലൂടേയും വരുന്നുണ്ട്. മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യ നടത്തിയ പഠനം പ്രകാരം 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രിയുടെ 64 ശതമാനവും പരസ്യത്തിലൂടെ ആണ്. 36 ശതമാനം സബ്സ്‌ക്രിപ്ഷനിലൂടേയും.
അറുപതോളം ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വീഡിയോകള്‍ക്കായി ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്- 43 ശതമാനത്തോളം ആളുകള്‍. യൂട്യൂബില്‍ സബ്സ്‌ക്രിപ്ഷനോ പ്രത്യേക ഫീസോ ഇല്ലാതെ വീഡിയോകള്‍ കാണുന്നതിനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ യൂട്യൂബിന് പിറകില്‍ ഉള്ളത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ്. മൊത്തം ഇന്‍ഡസ്ട്രിയുടെ 16 ശതമാനം ഇവര്‍ക്കാണ്. അതിന് പിറകിലാണ് നെറ്റ് ഫ്ലിക്സും. 14 ശതമാനം വിപണിയും ഇവരുടെ കൈവശമാണ്. ആമസോണ്‍ പ്രൈം വീഡിയോയും ഫേസ്ബുക്കും ആണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യയുടെ വിലയിരുത്തല്‍ പ്രകാരം 2025 ആകുമ്പോഴേക്കും സബ്സ്‌ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്റ് (എസ് വി ഒഡ്) മാര്‍ക്കറ്റ് 1.9 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ്. ഏതാണ്ട് പതിനാലായിരം കോടി രൂപ! ഇപ്പോഴത്തെ മൊത്തം ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രി വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും അത്.
2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ വിപണിയിലെ പരസ്യവരുമാനത്തില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു. അതിന് വഴിവച്ചതും കൊവിഡ് തന്നെ. എന്തായാലും 2025 ആകുമ്പോള്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 2.6 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രവചനം. ഏതാണ്ട് പത്തൊമ്പതിനായിരം കോടി രൂപ!
വിപണിയുടെ പാതിയോളവും കൈയ്യടക്കിയിട്ടുള്ളത് യൂട്യൂബ് ആണ്. എന്നാല്‍ അതിന് പിറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ വിജയത്തിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഹോട്ട് സ്റ്റാറിന്റെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം കുറവാണ്. എന്നാല്‍ എട്ട് കോടി സബ്സ്‌ക്രൈബര്‍മാരുടെ പിന്‍ബലം ആണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന് തുണയായത്.