
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന ഉപഭോഗം താഴേക്കെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക്. ജൂലൈ മാസത്തിലെ ആദ്യ 15 ദിവസത്തിലെ കണക്ക് തൊട്ടുമുന്‍പത്തെ മാസത്തിലെ ആദ്യ പകുതിയിലെ കണക്കുമായി താരതമ്യം ചെയ്ത റിപ്പോര്‍ട്ടാണിത്. പൊതുമേഖലാ റിഫൈനറികളുടെ ഡീസല്‍ വില്‍പ്പന ജൂലൈ മാസത്തിലെ ആദ്യ പകുതിയില്‍, ജൂണിലെ ഇതേ കാലയളവിലെ വില്‍പ്പനയെ അപേക്ഷിച്ച്, 18 ശതമാനം ഇടിഞ്ഞു.
പെട്രോള്‍ വില്‍പ്പനയില്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ ആദ്യ പകുതിയില്‍ 6.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ് കണക്ക്. ലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. ഉപഭോഗത്തിലും ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് താഴുന്നതില്‍ വന്‍ ആശങ്കയാണ് എണ്ണ കമ്പനികള്‍ക്കുള്ളത്. ഇതു മൂലം നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തലവേദനയുണ്ടാക്കുന്നുണ്ട്.
രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുന്ന ലോക്ക്ഡൗണ്‍ ഉപഭോഗം കുറയാന്‍ കാരണമാകുന്നുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രം യാത്ര ചെയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതും ഇന്ധന ഉപഭോഗം ഗണ്യമായി കുറയാന്‍ കാരണമായിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുക്കുന്നത് വില്പനയെ ബാധിക്കുമെന്ന് കമ്പനികള്‍ വിലയിരുത്തുന്നു. ഉയര്‍ന്ന വിലയും മറ്റൊരു കാരണമാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍ മരവിച്ചു നില്‍ക്കുന്നതും ചരക്കു നീക്കം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കപ്പെടാത്തതും മൂലം ഡീസല്‍ ഉപഭോഗം വളരെ താഴ്ന്നു നില്‍ക്കുകയാണ്. ലോക്ഡൗണ്‍ വരുന്നതിനു മുമ്പു വരെ മൊത്തം വിറ്റഴിയുന്ന ഇന്ധനത്തിന്റെ അഞ്ചില്‍ രണ്ടു ഭാഗവും ഡീസലായിരുന്നു.
ഈ മാസത്തിന്റെ ആദ്യ പകുതിയില്‍ ഡീസല്‍ വില്പന, ജൂണ്‍ ആദ്യ പകുതിയെ അപേക്ഷിച്ച് 18 ശതമാനം ഇടിഞ്ഞ് 22 ലക്ഷം ടണ്ണിലെത്തിയെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. രാജ്യത്ത് മൊത്തം ഇന്ധനവില്പനയുടെ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവയുടെ വിഹിതമാണ്. 2019 ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് ഈമാസം ആദ്യ രണ്ടാഴ്ച ഡീസല്‍ വില്പനയിലെ ഇടിവ് 21 ശതമാനമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ മാസം ഇതുവരെ പെട്രോള്‍ വില്പന 6.7 ശതമാനം താഴ്ന്ന് 8.80 ലക്ഷം ടണ്ണിലൊതുങ്ങി. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഇടിവ് 12 ശതമാനം. അതേസമയം, എല്‍.പി.ജി വില്പന വളര്‍ച്ച ജൂലൈയിലും തുടര്‍ന്നു. 6.5 ശതമാനം വളര്‍ച്ചയുമായി 10.75 ലക്ഷം ടണ്ണാണ് ഈ മാസം ആദ്യപകുതിയിലെ വില്പന. പത്തു ലക്ഷത്തിലേറെ കൊവിഡ് പോസിറ്റീവ് രോഗികളുമായി, ഇന്ത്യ ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി നില്‍ക്കവേ ഇന്ധന ഉപഭോഗം ഉയരാനുള്ള സാധ്യതയല്ല തല്‍ക്കാലമുള്ളതെന്ന് കമ്പനികള്‍ കരുതുന്നു.
ഇതിനിടെയും ഓഹരിവില അപ്രതീക്ഷിതമായി ഉയര്‍ന്നതിന്റെ ആഹ്ളാദത്തിലാണ് ബി.പി.സി.എല്‍. ഇന്നലെ ബോംബെ ഓഹരി വിപണിയില്‍ ബി.പി.സി.എല്‍ ഓഹരിവില 12.65 ശതമാനം മുന്നേറി 443.90 രൂപയിലെത്തി.ഓഹരി വാങ്ങാന്‍ ലോകത്തെ വമ്പന്‍ എണ്ണക്കമ്പനികള്‍ താത്പര്യവുമായി മുന്നോട്ടെത്തിയതാണ് കുതിപ്പിനു കാരണം.കമ്പനിയിലെ സര്‍ക്കാരിന്റെ 52 ശതമാനം ഓഹരികളും വിറ്റൊഴിയാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഓഹരി വില വരും നാളുകളില്‍ കുതിച്ചുയരുമെന്നും ഇപ്പോള്‍ വാങ്ങുന്ന ഓഹരികളില്‍ നിന്ന് പിന്നീട് വന്‍ ലാഭം നേടാനാകുമെന്നുമുള്ള പ്രതീക്ഷകളുടെ കരുത്തില്‍ നിക്ഷേപകര്‍ ബി.പി.സി.എല്‍ ഓഹരികളിലേക്ക് വന്‍തോതില്‍ പണമൊഴുക്കി.
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്രവും വലിയ എണ്ണക്കമ്പനിയുമായ സൗദി ആരാംകോ, എക്‌സോണ്‍ മൊബീല്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) തുടങ്ങിയവയാണ് ബി.പി.സി.എല്ലിലെ സര്‍ക്കാര്‍ ഓഹരി സ്വന്തമാക്കാന്‍ താത്പര്യം അറിയിച്ചത്.താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമതീയതി ജൂലൈ 31 ആണ്. നിലവില്‍ 96,000 കോടി രൂപയാണ് ബി.പി.സി.എല്ലിന്റെ ഓഹരിമൂല്യം.