രാസവസ്തു നിര്‍മ്മാണ പദ്ധതിയുമായി റിലയന്‍സ് അബുദാബിയിലേക്ക്; 2 ബില്യണ്‍ ഡോളറിന്റെ പദ്ധതി

July 01, 2021 |
|
News

                  രാസവസ്തു നിര്‍മ്മാണ പദ്ധതിയുമായി റിലയന്‍സ് അബുദാബിയിലേക്ക്; 2 ബില്യണ്‍ ഡോളറിന്റെ പദ്ധതി

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ രാസവസ്തു നിര്‍മ്മാണ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി (അഡ്നോക്) ചേര്‍ന്ന് റുവൈസിലെ തഅസീസ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍ സോണില്‍ പെട്രോകെമിക്കല്‍ സംരംഭം ആരംഭിക്കാനാണ് പദ്ധതി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ പശ്ചിമേഷ്യയിലെ പ്രഥമ നിക്ഷേപ പദ്ധതിയാണിത്. 

ക്ലോര്‍ ആല്‍ക്കൈല്‍, എഥിലീന്‍ ഡൈക്ലോറൈഡ്, പോളിവിനൈല്‍ ക്ലോറൈഡ് (പിവിസി) എന്നിവയടക്കമുള്ള രാസവസ്തുക്കളുടെയും ഉപോല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഡ്നോകിന്റെയും അബുദാബി സര്‍ക്കാരിന് കീഴിലുള്ള എഡിക്യുവിന്റെയും സംയുക്ത സംരംഭമാണ് തഅസീസ്. എണ്ണയുല്‍പ്പാദനത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെടുന്ന സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പെട്രോകെമിക്കല്‍ വ്യവസായ രംഗത്ത് ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റ് ഉപോല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള സൗകര്യമാണ് തഅസീസില്‍ ഒരുക്കുന്നത്. റിലയന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് പിവിസി പോലുള്ളവ പൈപ്പ് നിര്‍മ്മാണം, ഫ്ളോറിംഗ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കേബിളുകള്‍, ഓട്ടോമൊബീല്‍ വ്യവസായം അടക്കമുള്ള മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്.   

ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലകളിലുള്ള ഇന്ത്യ -യുഎഇ സഹകരണം മെച്ചപ്പെടുത്താന്‍ റിലയന്‍സ്  അഡ്നോക് ഇടപാടിലൂടെ സാധിക്കുമെന്ന് മുകേഷ് അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പിവിസി നിര്‍മ്മാണത്തിന് ആവശ്യമായ അടിസ്ഥാന ഘടകമായ എഥിലീന്‍ ഡൈക്ലോറൈഡും പുതിയ സംരംഭം നിര്‍മ്മിക്കും. റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളവല്‍ക്കരിക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവെപ്പാണ് അബുദാബിയിലെ പുതിയ പദ്ധതിയെന്നും മേഖലയുടെ പ്രധാന പദ്ധതിയില്‍ അഡ്നോകുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved