ഇന്ത്യയുടെ സേവന മേഖലയില്‍ 8 മാസത്തിന് ശേഷം ഇടിവ്

June 04, 2021 |
|
News

                  ഇന്ത്യയുടെ സേവന മേഖലയില്‍ 8 മാസത്തിന് ശേഷം ഇടിവ്

ന്യൂഡല്‍ഹി: ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും അന്താരാഷ്ട്ര ഓര്‍ഡറുകളുടെ കുറവും മേയ് മാസത്തില്‍ ഇന്ത്യയുടെ സേവന മേഖലയുടെ പ്രവര്‍ത്തനങ്ങളെ ഇടിവിലേക്ക് നയിച്ചു. എട്ട് മാസത്തിനിടെ ആദ്യമായാണ് സമ്പദ്വ്യവസ്ഥയിലെ സേവന പ്രവര്‍ത്തനങ്ങള്‍ സങ്കോചം രേഖപ്പെടുത്തുന്നത്. പ്രതിമാസ ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്റക്‌സ് (പിഎംഐ) പ്രകാരം മേയില്‍ സേവന മേഖലയുടെ നില 46.4 ആണ്. പിഎംഐ 50 ന് മുകളിലുള്ളത് വിപുലീകരണത്തെയും 50ന് താഴെയുള്ളത് സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ 54.0 ആയിരുന്നു സേവന മേഖലയുടെ പിഎംഐ.   

മേയ് മാസത്തില്‍ പുതിയ ജോലികളുടെ വളര്‍ച്ച നിശ്ചലാവസ്ഥയിലാണ്. പിഎംഐ സര്‍വേയില്‍ പങ്കെടുത്തവര്‍ 2020 സെപ്റ്റംബറിന് ശേഷം വില്‍പ്പനയില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനവും ഇതിനെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളുമാണ് സേവന മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്.

ആറ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിലാണ് പുതിയ അന്താരാഷ്ട്ര ഓര്‍ഡറുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും ബിസിനസ്സ് അടച്ചുപൂട്ടലുകളുമാണ് ഈ ഇടിവിന് കാരണം. 'മാനുഫാക്ചറിംഗ് മേഖല കഷ്ടിച്ചു പിടിച്ചുനിന്നുവെന്നാണ് പിഎംഐ ഡാറ്റ വ്യക്തമാക്കിയതെങ്കില്‍ സേവന മേഖല കൂടുതല്‍ ഗുരുതരമായി ബാധിക്കപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്,' ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞ പോളിയന്ന ഡി ലിമ പറയുന്നു. സേവന മേഖലയില്‍ 7 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലുകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടത്.

Read more topics: # PMI, # പിഎംഐ,

Related Articles

© 2025 Financial Views. All Rights Reserved