
ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി, ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചു. അതേസമയം മറ്റു ചില ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി നീട്ടിക്കൊടുത്തു. കമ്പനി ചില ക്യാബിന്‍ ക്രൂ സ്റ്റാഫ് അംഗങ്ങളുടെ കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് മറ്റ് ചില വിവരങ്ങള്‍. ചില ഗ്രൗണ്ട് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി ഒന്നിലധികം വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇന്‍ഡിഗോ പരിശീലനത്തിലുള്ള പൈലറ്റുമാരുടെ ശമ്പളം 75 ശതമാനമായി കുറയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മൊത്തം 10 ദിവസത്തെ എല്‍ഡബ്ല്യുപിയിലേക്ക് 5.5 ദിവസത്തെ അധിക എല്‍ഡബ്ല്യുപി ചേര്‍ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അണ്ടര്‍ ട്രെയിനിംഗ് ട്രാന്‍സിഷന്‍ ക്യാപ്റ്റന്‍മാര്‍ക്കും ട്രാന്‍സിഷന്‍ ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും ശമ്പള പരിഷ്‌കരണമുണ്ടാകുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
ബിസിനസ് തടസ്സമുണ്ടായിട്ടും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ ശമ്പളവും നല്‍കിയ ആഗോള വിമാനക്കമ്പനികളില്‍ ഒന്നാണ് ഇന്‍ഡിഗോയെന്ന് കമ്പനി വ്യക്തമാക്കി. മെയ് മാസത്തിലാണ് കമ്പനി ആദ്യമായി ശമ്പളം വെട്ടിക്കുറച്ചതെന്നും അതിനുശേഷം ശമ്പളമില്ലാതെ അവധി നല്‍കിയെന്നും ഇന്‍ഡിഗോ പറഞ്ഞു. നിലവിലെ ശേഷി വിനിയോഗം കണക്കിലെടുക്കുമ്പോള്‍ പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാതെ കൂടുതല്‍ അവധി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.
ഇത് താല്‍ക്കാലിക നടപടിയാണെന്നും പ്രവര്‍ത്തന ശേഷി വീണ്ടെടുക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്തുമെന്നും കമ്പനി അറിയിച്ചു. മെയ് 25 നാണ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് അവരുടെ ശേഷിയുടെ 45 ശതമാനം വരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ താഴെയാണെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.
ഇന്‍ഡിഗോ സിഇഒ റോനോജോയ് ദത്ത ഈ വര്‍ഷം എയര്‍ലൈന്‍ ലാഭമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും വര്‍ഷാവസാനത്തോടെ പോലും കമ്പനിയുടെ ശേഷിയുടെ 70 ശതമാനം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നും സൂചിപ്പിച്ചിരുന്നു. ആഭ്യന്തര വ്യവസായത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. കൊവിഡ്-19 വ്യവസായത്തെ തടസ്സപ്പെടുത്തുന്നതിനു മുമ്പ് ഒരു ദിവസം 1,500 ലധികം വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.
ഇന്‍ഡിഗോയ്ക്ക് പുറമേ, ഗോ എയര്‍, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് എയര്‍ലൈനുകളും ജീവനക്കാരില്‍ നല്ലൊരു ശതമാനം ആളുകളോട് ശമ്പളമില്ലാതെ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈറസ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കാരണം തൊഴിലാളികളില്‍ 30 ശതമാനം പേരെ ആവശ്യമില്ലെന്നാണ് കാപ ഇന്ത്യ കണക്കാക്കിയിരിക്കുന്നത്.