
ബംഗളുരു: ടെക്കികളുടെ സ്വപ്‌ന സ്ഥാപനമായ ഇന്‍ഫോസിസില്‍ റെക്കോര്‍ഡ് പിരിച്ചുവിടല്‍ ഉടന്‍. ഉയര്‍ന്ന,മിഡില്‍ റാങ്കിലുള്ള ജീവനക്കാരെയാണ് ജോലിയില്‍ നിന്ന് സ്ഥാപനം പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്.12000 പേരെയെങ്കിലും പിരിച്ചുവിടുന്നുവെന്നാണ് സൂചന. ഐടി ഭീമന്‍ കോഗ്നിസെന്റ് 7000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഇന്‍ഫോസിസിന്റെ തീരുമാനം ടെക് ലോകത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സീനിയര്‍ മാനേജര്‍,അസോസിയേറ്റ് അടക്കമുള്ള ഉന്നത സ്ഥാനങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. ജെഎല്‍ 6 ബാന്റില്‍ നിന്ന് പത്ത് ശതമാനം ജീവനക്കാരെ അതായത് 2200 പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. ജെഎല്‍ 6,7,8 കോഡുകളില്‍ 30,092 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. അസോസിയേറ്റ്‌സ് ഉള്‍പ്പെടുന്ന ജെഎല്‍ 3 മുതല്‍ താഴെ വിഭാഗത്തിലും,ജെഎല്‍4,5 കോഡിലുള്ള മീഡിയം വിഭാഗത്തിലുള്ളവരുടെയുമൊക്കെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ടെന്നാണ് വിവരം. 2%-5% പേരെ ഈ വിഭാഗങ്ങളില്‍ പിരിച്ചുവിടും. പതിനായിരം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സീനിയര്‍ വൈസ് പ്രസിഡന്റ്,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ,ടൈറ്റില്‍ ഹോള്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നൊക്കെ ആളുകളെ വെട്ടിക്കുറയ്ക്കും.
ജോലിയിലെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോസിസില്‍ നേരത്തെ പിരിച്ചുവിടലുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ആളുകളെ ഒരുമിച്ച് പിരിച്ചുവിടുന്നത് ഇത് ആദ്യമാണ്. ഫേസ്ബുക്ക് പോലുള്ള കണ്ടന്റ് മോഡറേഷന്‍ ബിസിനസ് ക്ലയന്റുകളെ ഒഴിവാക്കുകയാണ് ഇന്‍ഫോസിസും കോഗ്നിസെന്റുമെന്നും റിപ്പോര്‍ട്ടുണ്ട്.