ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു; ചെലവ് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

April 07, 2022 |
|
News

                  ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു; ചെലവ് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ചെലവെങ്കിലും വലിയ തോതില്‍ ഡിമാന്റ് വര്‍ധിച്ചതിനാല്‍ സേവന മേഖല പ്രവര്‍ത്തന മികവ് രേഖപ്പെടുത്തിയതായി സര്‍വെ റിപ്പോര്‍ട്ട്. മാര്‍ച്ചിലെ സര്‍വേ പ്രകാരം ഉയര്‍ന്ന നിരക്കില്‍ ചെലവ് എത്തിയെങ്കിലും ആവശ്യം കൂടുന്നത് മേഖലയ്ക്ക് ഗുണകരമായി. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ഫെബ്രുവരിയില്‍ 51.8 ആയിരുന്നത് മാര്‍ച്ചില്‍ 53.6 ആയി ഉയര്‍ന്നു. തുടച്ചയായ എട്ട് മാസവും സേവന മേഖല ഉത്പാദന ക്ഷമതയില്‍ വര്‍ധന രേഖപ്പെടുത്തി.

റഷ്യ-ഉക്രൈന്‍ യുദ്ധം വിതരണ മേഖലയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതിനൊപ്പം ഇന്ത്യന്‍ സേവന മേഖലയില്‍ പണപ്പെരുപ്പത്തോത് ഉയര്‍ത്തി. അസംസകൃത ഉത്പന്നങ്ങളുടെ ചെലവ് കൂടിയെങ്കിലും ഇത് മേഖലയുടെ തിരിച്ചുവരവിനെ ബാധിച്ചില്ല. 2022 ല്‍ സേവന രംഗം വലിയ തോതില്‍ പ്രവര്‍ത്തന മികവ് രേഖപ്പെടുത്തി. അത് മേഖലയുടെ മൊത്തത്തിലുള്ള പ്രകടനത്തെയും അനുകൂലമാക്കി.അസംസ്‌കൃത ഉതപന്നങ്ങളുടെ ചെലവ് വര്‍ധിച്ചെങ്കിലും അത് വിലയില്‍ അത്ര കണ്ട്് പ്രതിഫലിപ്പിക്കാതെ കമ്പനികള്‍ ശ്രദ്ധിച്ചു.

ഏഴു മാസത്തിനിടെ ആദ്യമായി ഉത്പാദന മേഖലയേക്കാള്‍ സേവന രംഗത്ത് അസംസകൃത വസ്തുക്കളുടെ പണപ്പെരുപ്പവും ഉയര്‍ന്നു. സ്വകാര്യ മേഖലയിലാകട്ടെ ഇത് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമെത്തി. ആര്‍ ബി ഐ യുടെ ധന നയ സമിതി ഏപ്രില്‍ 6 മുതല്‍ 8 വരെ ചേരുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ തല്‍സ്ഥിതി നിലനിര്‍ത്താനാണ് സാധ്യത. അതേ സമയം പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാലും റഷ്യ-ഉക്രൈന്‍ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം കണക്കിലെടുത്തും വായ്പാ പലിശ പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved