
ഡല്‍ഹി: റെയില്‍വേ ടിക്കറ്റ് ഇനി യാത്രക്കാരുടെ കൈ പൊള്ളിച്ചേക്കും. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)യുടെ ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ഇ-ടിക്കറ്റുകള്‍ക്കും വില വര്‍ധിച്ചേക്കും. മാത്രമല്ല നേരത്തെ ഇ-ടിക്കറ്റുകള്‍ക്കുണ്ടായിരുന്ന സര്‍വീസ് ചാര്‍ജ് വീണ്ടും തിരിച്ച് വരും. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നു വര്‍ഷം മുന്‍പ് ഇത് നീക്കം ചെയ്തിരുന്നു. ഇതോടെ ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് തങ്ങളുടെ കീശ കീറുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
എന്നാല്‍ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്നത് നേരത്തെയുണ്ടായിരുന്ന തുക തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ധ അതോറിറ്റി പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനമാകൂ. മാത്രല്ല ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം മാത്രമേ ആകാവൂ എന്ന് ധനമന്ത്രാലയത്തില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. മാത്രമല്ല ഇ-ടിക്കറ്റിനുള്ള സര്‍വീസ് ചാര്‍ജ് എടുത്ത് കളഞ്ഞ വേളയില്‍ 2016-17 സമയത്ത് ഈ രീതിയില്‍ നിന്നുള്ള വരുമാനത്തില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.
നേരത്തെ നോണ്‍ എസി ഇ-ടിക്കറ്റിന് 20 രൂപയും എസി ടിക്കറ്റിന് 40 രൂപയുമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കിയിരുന്നത്. തത്കാല്‍ ടിക്കറ്റിലൂടെ ഇന്ത്യന്‍ റെയില്‍വേ ഓരോ വര്‍ഷവും കൊയ്യുന്നതു കോടികളാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൂടുതല്‍ സീറ്റുകള്‍ തത്കാലിലേക്കു മാറ്റിയും പ്രീമിയം തത്കാല്‍ നടപ്പാക്കിയും ഓരോ വര്‍ഷവും 'തത്കാല്‍' വരുമാനം വര്‍ധിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2011 മുതലുള്ള 9 വര്‍ഷം കൊണ്ടു തല്‍കാല്‍ ടിക്കറ്റ് വില്‍പനയിലൂടെ റെയില്‍വേ അക്കൗണ്ടിലെത്തിയതു 10729 കോടി രൂപ.
2011-ല്‍ വരുമാനം 729 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതു 1459 കോടിയായി ഉയര്‍ന്നു. 22 വര്‍ഷം മുന്‍പ് 1997-ലാണു റെയില്‍വേ തത്കാല്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ മാത്രമായിരുന്നു ആദ്യം സംവിധാനമുണ്ടായിരുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിനു തലേദിവസം, 30% അധിക നിരക്കോടെ നല്‍കുന്ന ടിക്കറ്റ് മികച്ച വരുമാന മാര്‍ഗമാണെന്നു റെയില്‍വേ കണ്ടെത്തി. 2004ല്‍ എല്ലാ ട്രെയിനുകളിലും ഇതു നടപ്പാക്കി. എസി കോച്ചുകളില്‍ കുറഞ്ഞത് 100 രൂപയും കൂടിയത് 500 രൂപയുമാണു തല്‍കാല്‍ ടിക്കറ്റിനു അധികമായി നല്‍കേണ്ടത്. സെക്കന്‍ഡ് ക്ലാസില്‍ 10 മുതല്‍ 15വരെ ശതമാനം നിരക്ക് വര്‍ധനയുണ്ടാകും.