
മുംബൈ: ഓഹരികള്‍ വാങ്ങാന്‍ ആളെത്താത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്റെ ലേലത്തിനായുള്ള ബിഡ് തീയതി നീട്ടി. ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്നായിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയും അപേക്ഷകര്‍ ആരും എത്താത്തതുകൊണ്ടാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്.പുതുക്കിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ ജെറ്റ് എയര്‍വേസിനായി ബിഡ് സമര്‍പ്പിക്കാം. ജെറ്റ് എയര്‍വേസ് വായ്പദാതാക്കള്‍ക്ക് നല്‍കാനുള്ള കിട്ടാക്കടം ഈടാക്കാനാണ് വിമാനക്കമ്പനിയുടെ ഓഹരികള്‍ ലേലത്തിലൂടെ വില്‍ക്കുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 11,000 കോടി രൂപയോളമാണ്.
അതേസമയം ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോയതോടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ എത്താത്തത് വലിയ പ്രതിസന്ധികള്‍ക്കാണ് ഇടയാക്കിയത്.
എന്നാല്‍ 25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയര്‍വേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.
നരേഷ് ഗോയല്‍ (69) എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയര്‍വെയ്‌സ് എന്ന കമ്പനിയുടെ തുടക്കകാരന്‍. തന്റെ അമ്മാവന്‍ സേത് ചരണ്‍ദാസിന്റെ ട്രാവല്‍ ഏജന്‍സിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ല്‍ തന്റെ 18മത്തെ വയസ്സില്‍ 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോള്‍ 1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്കുയര്‍ന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. എയര്‍ലൈന്‍സ് ബിസിനസ്സ് പാഠങ്ങള്‍ ഇവിടെ നിന്നാണ് ഗോയല്‍ പഠിക്കുന്നത്.
ജോലിയില്‍ പ്രവേശിച്ച 1967 മുതല്‍ 1974 വരെയുള്ള കാലയളവില്‍ നിരവധി ബിസിനസ് യാത്രകളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ല്‍ ജെറ്റ്എയര്‍ എന്ന പേരില്‍ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, വില്‍പന എന്നീ മേഖലകളില്‍ സഹായം നല്‍കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കി ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഒരു 'എയര്‍ ടാക്‌സി' കമ്പനിയായിട്ടായിരുന്നു തുടക്കം.
കഴിഞ്ഞ ഏപ്രിലിലാണ് വിമാന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. കടക്കെണിയാണ് ജെറ്റ് എയര്‍വെയ്‌സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. അടിയന്തിര പ്രശ്‌നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു.