വരിക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; വോഡഫോണ്‍ ഐഡിയക്ക് കോട്ടം

August 24, 2021 |
|
News

                  വരിക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; വോഡഫോണ്‍ ഐഡിയക്ക് കോട്ടം

കുറേ മാസങ്ങളായി വോഡഫോണ്‍ ഐഡിയ നേരിടുന്ന വരിക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ജൂണില്‍ മാത്രം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത് 42.8 ലക്ഷം വരിക്കാരെയാണ്. അതേസമയം റിലയന്‍സ് ജിയോ 54.6 ലക്ഷവും ഭാരതി എയര്‍ടെല്‍ 38.1 ലക്ഷവും വരിക്കാരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കടക്കെണിയിലകപ്പെട്ട വോഡഫോണ്‍ ഐഡിയയുടെ ആകെ വരിക്കാരുടെ എണ്ണം ഇതോടെ 27.3 കോടിയായി താഴുകയും ചെയ്തു. ട്രായിയുടെ കണക്കനുസരിച്ച് റിലയന്‍സ് ജിയോയ്ക്ക് 43.6 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഭാരതി എയര്‍ടെല്ലിന് 35.2 കോടിയും. രാജ്യത്തെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2021 ജൂണിലെ കണക്കനുസരിച്ച് 120.2 കോടിയാണ്. 0.34 ശതമാനം പ്രതിമാസ വളര്‍ച്ച വരിക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്നു. നഗരപ്രദേശങ്ങളില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണെങ്കിലും ജൂണില്‍ ഗ്രാമീണ മേഖലയിലെ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ട്രായ് സൂചിപ്പിക്കുന്നു.

ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം മേയിലെ 78 കോടിയില്‍ നിന്ന് ജൂണില്‍ 79.2 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 98.7 ശതമാനവും രാജ്യത്തെ അഞ്ച് മുന്‍നിര സേവനദാതാക്കള്‍ കൈയടക്കി. റിലയന്‍സ് ജിയോ (43.9 കോടി), ഭാരതി എയര്‍ടെല്‍ (19.7 കോടി), വോഡഫോണ്‍ ഐഡിയ (12.1 കോടി), ബിഎസ്എന്‍എല്‍ (2.26 കോടി), ആട്രിയ കണ്‍വെര്‍ജന്‍സ് (19 ലക്ഷം) എന്നിവയാണ് വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള കമ്പനികള്‍.

Related Articles

© 2025 Financial Views. All Rights Reserved