
കൈവശമുള്ള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ആസ്തികള്‍ ഉപയോഗിച്ച് 40,000 കോടി രൂപ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) ഘടന കമ്പനി വിനിയോഗിക്കും. നിലവില്‍ ഇന്‍വിറ്റില്‍ ഡിജിറ്റല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റിന് (ഡിഫിറ്റ്) 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റിലയന്‍സിനാകട്ടെ 48.44 ശതമാനവും. കൈവശമുള്ള ഓഹരികള്‍ വിറ്റ് ഏകദേശം 14,700 കോടി സ്വരൂക്കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. ഓഹരിയൊന്നിന് 100 രൂപ വിലയിട്ട് 147.06 കോടി ഓഹരികള്‍ വില്‍ക്കാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു. സ്വകാര്യ പ്ലേസ്മെന്റ് വഴിയാകും ഇടപാട് നടക്കുക. ഇതിന് ആവശ്യമായ അനുമതി സെക്യുരീറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്നും റിലയന്‍സ് തേടിക്കഴിഞ്ഞു.
ഇന്‍ഫിറ്റിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും സാമ്പത്തിക ഘടന പുനഃക്രമീകരിക്കാനും 25,000 കോടി രൂപയുടെ ടേം വായ്പയെടുക്കാന്‍ ഡിഫിറ്റിനും ആലോചനയുണ്ട്. നിലവില്‍ വിതരണക്കാരുടെ ക്രെഡിറ്റ് ഉള്‍പ്പെടെ 87,296.3 കോടി രൂപയുടെ കടബാധ്യത റിലയന്‍സിന്റെ ഫൈബര്‍ ഒപ്റ്റിക് യൂണിറ്റിനുണ്ട്. നേരത്തെ, ജിയോയ്ക്ക് കീഴിലായിരുന്നു ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതും. എന്തായാലും പുതിയ നീക്കത്തില്‍ പ്രധാന സ്പോണ്‍സറായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡിന് 15 ശതമാനം യൂണിറ്റുകള്‍ പോസ്റ്റ് ഇഷ്യു അടിസ്ഥാനത്തില്‍ കമ്പനി ട്രസ്റ്റ് അനുവദിക്കും. ഇതേസമയം, ഈ യൂണിറ്റുകള്‍ മൂന്ന് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.
യൂണിറ്റുകള്‍ അനുവദിച്ചതിനുശേഷം ലഭിക്കുന്ന വരുമാനം കുടിശ്ശികയിനത്തില്‍ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് വെഞ്ച്വേഴ്സിന് തിരിച്ചടയ്ക്കുമെന്ന് ഡിബിറ്റ് സെബി ഫയലിങ്ങില്‍ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ, റിലയന്‍സ് വെഞ്ച്വേഴ്സില്‍ നിന്ന് 263 കോടി രൂപ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ട്രസ്റ്റ് വായ്പയെടുത്തിരുന്നു. നേരത്തെ, ജിയോ സ്വീകരിച്ച ധനസമാഹരണ മാതൃകയാണ് ഇപ്പോള്‍ ഫൈബര്‍ ഒപ്റ്റിക് യൂണിറ്റും കൈക്കൊള്ളുന്നത്. ജിയോയുടെ ടെലികോം ടവര്‍ ആസ്തികളും ഗ്യാസ് പൈപ്പ് ലൈന്‍ ആസ്തികളും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍വിറ്റ് ഘടന വഴി വില്‍പ്പനയ്ക്ക് വെച്ചിരുന്നു. കനേഡിയന്‍ നിക്ഷേപക കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് റിലയന്‍സിന്റെ ടെലികോം ടവറുകളിലും ഗ്യാസ് പൈപ്പ്ലൈനുകളിലും നിര്‍ണായക ഓഹരിപങ്കാളിത്തം കയ്യടക്കിയിട്ടുണ്ട്.
അതേസമയം റിലയന്‍സിലേക്ക് മൂന്നാഴ്ചക്കിടെ നിക്ഷേപമായി എത്തിയത് 36200 കോടി രൂപയാണ്. ഏറ്റവും പുതിയ നിക്ഷേപത്തോടെ റിലയന്‍സിന്റെ റീറ്റെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡ് 4.285 ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനിയായി മാറി. ജി.ഐ.സിയുടെ ആഗോള ശൃംഖലയും ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ട്രാക്ക് റെക്കോര്‍ഡും റിലയന്‍സ് റീട്ടെയിലിന് അമൂല്യമായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഈ നിക്ഷേപം ഇന്ത്യയുടെ റീട്ടെയില്‍ സാധ്യതയുടെയും ശക്തമായ അംഗീകാരമാണെന്നും അംബാനി പറഞ്ഞു.