
കൊച്ചി: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്സ് ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കി. 500 കോടി രൂപ വരെ കടപ്പത്രത്തിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാഥമിക ഘട്ടത്തില്‍ 100 കോടി വരെയുള്ള കടപ്പത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ഓഹരികളാക്കി മാറ്റാന്‍ ആകാത്ത കടപ്പത്രങ്ങളാണിവ. നോണ്‍ കര്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ സമാഹരിക്കുന്ന തുക ഘട്ടം ഘട്ടമായി 400 കോടി രൂപ മുതല്‍ 500 കോടി രൂപവരെയാക്കി ഉയര്‍ത്തും.
ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടര്‍ന്നുള്ള വായ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും ഉപയോഗിക്കും. കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും തുക ഉപയോഗിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബര്‍ 23 നു തുടങ്ങുകയും 2021 ഒക്ടോബര്‍ 14 ന് അവസാനിക്കുകയും ചെയ്യും.
നാലുഘട്ടങ്ങളിലായി പുറത്തിറക്കുന്ന കടപ്പത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്ളോട്ടിംഗ് പലിശയും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളില്‍ സ്ഥിരപലിശയുമായിരിക്കും ലഭിക്കുക. സ്ഥിര പലിശ പ്രതിവര്‍ഷം 8.3 ശതമാനവും ഫ്ളോട്ടിംഗ് പലിശ 91 ദിവസത്തെ ടി ബില്‍ അടിസ്ഥാനത്തില്‍ 3.15 ശതമാനം നിലയിലും ആയിരിക്കും. കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതല്‍ 100 മാസം വരെ ആണ്.
ഈ പബ്ലിക് ഇഷ്യു വായ്പകളുടെ വൈവിധ്യവല്‍ക്കരണത്തിനും നിക്ഷേപത്തിനും സഹായകമാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റേയും ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്സിന്റേയും മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ പറഞ്ഞു. ശക്തമായ ബാലന്‍സ് ഷീറ്റും ഉയര്‍ന്ന മൂല്യവും ബിസിനസിലെ വൈവിധ്യവും ഇടപാടുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനവും ഞങ്ങളുടെ പങ്കാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ പര്യാപ്തമാണെന്ന് അധികൃതര്‍ പറയുന്നു.
കടപ്പത്രങ്ങളില്‍ മാത്രമല്ല ഐപിഒയിലും ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. സ്വകാര്യ കമ്പനിയായ പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21-ന് ആരംഭിക്കും. ഓഹരിയൊന്നിന് 165-175 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 23 ന് ഐപിഒ അവസാനിക്കും. 140.6 കോടി രൂപയുടെ പുതിയ ഷെയറുകളാണ് വില്‍പ്പനക്കുള്ളത്. ശാരദ് വിര്‍ജി ഷാ, മുഞ്ജാല്‍ ശാരദ് ഷാ എന്നിവരുടെ പ്രമോട്ടര്‍ ഓഹരികളും അമി മുഞ്ജാല്‍ ശാരദ് ഷാ, ശില്‍പ അമിത് മഹാജന്‍, അമിത് നവിന്‍ മഹാജന്‍ എന്നിവരുടെ വ്യക്തിഗത ഓഹരികളും ഉള്‍പ്പെടെ 17,24,490 ഓഹരികളാണ് വിറ്റഴിക്കുന്നത്. ഓഹരി വില്‍പ്പന വഴി സ്വരൂപിക്കുന്ന തുക യന്ത്രസാമഗ്രികളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാനും കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി കമ്പനി വിനിയോഗിക്കും.
പ്രതിരോധ മേഖലയ്ക്കാവശ്യമായ കസ്റ്റമൈസ്ഡ് ഉപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡ്. പ്രത്യേകിച്ചും ഇലക്ട്രോണിക്സ്, ഇഎംപി പ്രൊട്ടക്ഷന്‍ വിഭാഗങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് ഇവിടെ നിര്‍മിക്കുക. മഹാരാഷ്ട്രയിലെ നവി മുബൈയിലുള്ള നേരുള്‍, താനെയിലെ അംബര്‍നാഥ് എന്നിവിടങ്ങളിലും കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുകളുണ്ട്. നിരവധി വിദേശ സ്ഥാപനങ്ങളും കമ്പനിയുടെ ഉപഭോക്താക്കളായുണ്ട്. ആനന്ദ് രതി അഡൈ്വസേഴ്സ് ആണ് ഓഫറിന്റെ ലീഡ് മാനേജര്‍മാര്‍.