
മുംബൈ: ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉല്‍പ്പാദനം 60 ശതമാനം കുറഞ്ഞു. ഏപ്രിലില്‍ 0.56 ദശലക്ഷം ടണ്‍ ക്രൂഡ് സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. കോവിഡ് -19 മൂലമുള്ള ലോക്ക്ഡൗണിന്റെ ആദ്യ മാസത്തില്‍ ശേഷിയുടെ ഉപയോഗം 38 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ വന്‍കിട ഉരുക്ക് ഉല്‍പാദകരില്‍ പ്രതിമാസ ഉല്‍പാദന സംഖ്യ ഏറ്റവും കൂടുതലുള്ള കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ കൂടിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ 0.34 മെട്രിക് ടണ്‍ ഫ്‌ലാറ്റ് സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചു, ഇവ ഓട്ടോമോട്ടീവ്, ഹെവി മെഷിനറികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നവയാണ്. കഴിഞ്ഞ വര്‍ഷം ഇത് 0.95 മെട്രിക് ടണ്‍ ആയിരുന്നു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ഉപയോഗിക്കുന്ന നീളമുള്ള ഉരുക്കിന്റെ ഉത്പാദനം ഏപ്രിലില്‍ 0.09 മെട്രിക് ടണ്ണായി കുറഞ്ഞു.
ഉരുക്ക് ഉല്‍പാദനത്തെ ഒരു അവശ്യ സേവനമായും വ്യവസായമായും തരംതിരിച്ച് ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചെങ്കിലും ഉരുക്കിന്റെ ആഭ്യന്തര ആവശ്യം കുറഞ്ഞതിനാല്‍ ഉത്പാദനം തകര്‍ന്നു. തടസ്സപ്പെട്ട വിതരണ ശൃംഖലകളുടെ ശക്തമായ വെല്ലുവിളികള്‍, സമാനതകളില്ലാതെ കുറഞ്ഞ ഡിമാന്‍ഡ്, രാജ്യത്തുടനീളമുള്ള രോഗവ്യാപ്തിക്കനുസൃതമായ സോണുകള്‍, ചരക്കുകളുടെ തടസ്സമില്ലാത്ത ഗതാഗതത്തിലെ അനിശ്ചിതത്വം, വ്യവസായത്തിലേക്കുള്ള അപര്യാപ്തമായ വായ്പാ പ്രവാഹം എന്നിവ കമ്പനിയെ ബാധിച്ചിട്ടുള്ളതായി പത്രക്കുറിപ്പില്‍ അറിയിച്ചു.
ജെഎസ്ഡബ്ല്യു സ്റ്റീല്‍ കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഡോള്‍വിയില്‍ ചൂള അടച്ചിരുന്നു. കര്‍ണാടകയിലെ വിജയനഗറിലെ മാതൃ പ്ലാന്റില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം കണക്കിലെടുക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റീല്‍ ഡിമാന്‍ഡ് 14-17 ശതമാനമെങ്കിലും ചുരുങ്ങുമെന്ന് വ്യവസായ വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.