കേന്ദ്ര ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളം; ആശങ്കയുയര്‍ത്തി കെ എന്‍ ബാലഗോപാല്‍

February 01, 2022 |
|
News

                  കേന്ദ്ര ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളം; ആശങ്കയുയര്‍ത്തി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളം. ബജറ്റ് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.  ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.

ബജറ്റില്‍ പ്രഖ്യാപിച്ച 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷ'നില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞുവെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തുന്നു. വാക്‌സിന് മാറ്റി വച്ച തുകയും കുറവാണെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ 39,000 കോടി രൂപ മാറ്റിവച്ചിടത്ത് ഇപ്പോള്‍ 5,000 കോടി രൂപ മാത്രമേ ഉള്ളൂ. വാക്‌സീന്‍ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റര്‍ ഡോസ് അടക്കം നല്‍കാനുമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്‌സീന്‍ ബജറ്റ് വിഹിതം കുറച്ചതെന്നാണ് പരാതി.

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ലെന്നാണ് ആക്ഷേപം. തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നല്‍കിയട്ടുള്ളത്. കാര്‍ഷിക മേഖല, ഭക്ഷ്യ സബ്‌സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങള്‍ക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും ബാലഗോപാല്‍ പറയുന്നു. നേരത്തെ നികുതി ഇല്ലായിരുന്നുവെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ഇന്ധനത്തിന് വില കൂടാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. രണ്ട് രൂപ കൂടാനാണ് സാധ്യത. കെ റെയിലിന് സഹായമുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും നിലവില്‍ അതെക്കുറിച്ച് പ്രഖ്യാപനമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved