
ബെംഗളൂരു: ഫാക്ടറികളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഓഗസ്റ്റ് 21 വരെ ദിവസത്തില്‍ 10 മണിക്കൂറും ആഴ്ചയില്‍ 60 മണിക്കൂറും ജോലി സമയം നീട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ എട്ട് മണിക്കൂര്‍, ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നിങ്ങനെയാണ് ജോലി സമയം.
ഫാക്ടറീസ് ആക്റ്റ്, 1948 (1948 ലെ ആക്റ്റ് നമ്പര്‍ 63) സെഷന്‍ 5 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍, ഫാക്ടറീസ് ആക്റ്റ്, 1948 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഫാക്ടറികളെയും സെക്ഷന്‍ 51(പ്രതിവാര മണിക്കൂര്‍), 54 (ദിവസേനയുള്ള മണിക്കൂര്‍) വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 22-05-2020 മുതല്‍ 21-8-2020 വരെ ഇത് പ്രാബല്യത്തിലുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
എന്നിരുന്നാലും, ഇതില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ച്, ഒരു മുതിര്‍ന്ന തൊഴിലാളിയെ ഫാക്ടറിയില്‍ ദിവസത്തില്‍ പത്ത് മണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍ അറുപത് മണിക്കൂറില്‍ കൂടുതലോ ജോലി ചെയ്യാന്‍ അനുവദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. അതേസമയം ഓവര്‍ടൈം വേതനം സംബന്ധിച്ച സെക്ഷന്‍ 59 ലെ വ്യവസ്ഥകള്‍ ഒരു മാറ്റവുമില്ലാതെ തുടരും. വ്യവസായങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം പ്രവൃത്തി സമയം നീട്ടിയിട്ടുണ്ട്.
കോവിഡ്19 ലോക്ക്ഡൗണ്‍ കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായ വ്യവസായങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ചില തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട് കര്‍ണാടക സര്‍ക്കാര്‍. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമവും കരാര്‍ തൊഴില്‍ നിയമവും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറികളില്‍ ഓവര്‍ടൈം 75 മണിക്കൂറില്‍ നിന്ന് 100 മണിക്കൂറായി ഉയര്‍ത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു.