3,667 ഏക്കര്‍ ഭൂമി ജെഎസ്ഡബ്ല്യു സ്റ്റീല്‍സിന് വില്‍ക്കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

May 28, 2021 |
|
News

                  3,667 ഏക്കര്‍ ഭൂമി ജെഎസ്ഡബ്ല്യു സ്റ്റീല്‍സിന് വില്‍ക്കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ 3,667 ഏക്കര്‍ ഭൂമി ജെഎസ്ഡബ്ല്യു സ്റ്റീല്‍സിന് വില്‍ക്കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് അകത്ത് തന്നെയുള്ള എതിരഭിപ്രായങ്ങളും കോടതിയിലെത്തിയ കേസുകളുമാണ് തീരുമാനത്തിന് കാരണം. ജിന്‍ഡല്‍ ഗ്രൂപ്പിന് ഭൂമി നല്‍കാനുള്ള മുന്‍ മന്ത്രിസഭ തീരുമാനത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അന്തിമ അനുമതി നല്‍കിയില്ലെന്നും അതിനാല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സംസ്ഥാന നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി ബസവരാജ് ബൊമ്മയ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തില്‍ നിരവധി കേസുകളാണ് നിലവിലുള്ളത്. സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജിയുണ്ട്. ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും ഉണ്ട്. ഇതിലെല്ലാം ഉണ്ടാകുന്ന തീരുമാനം നോക്കിയായിരിക്കും വിഷയത്തിലെ തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 26 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. മുന്‍പ് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ബിജെപി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2019 ല്‍ ഈ തീരുമാനം കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിന്റേതായിരുന്നു. അന്നിത് വലിയ വിവാദമാവുകയും വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏക്കറിന് 1.22 മുതല്‍ 1.50 ലക്ഷം വരെ തുക നിശ്ചയിച്ചുള്ള വില്‍പ്പന നീക്കം വന്‍ കൊള്ളയാണെന്നായിരുന്നു അന്ന് ബിജെപി വിമര്‍ശിച്ചത്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ വിഷയം വീണ്ടും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിക്ക് വിടുകയും അവര്‍ ഭൂമി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ നാല് ബിജെപി എംഎല്‍എമാര്‍ തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതി. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ തീരുമാനം ബിജെപിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനും തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2005 ല്‍ കമ്പനിക്ക് 2000.58 ഏക്കര്‍ ഭൂമി ലീസിന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2007 ല്‍ 1666 ഏക്കര്‍ കൂടി ലീസായി അനുവദിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved