ടൂറിസം മേഖലയ്ക്ക് 400 കോടി രൂപയുടെ വായ്പ; തീരസംരക്ഷണത്തിന് സമഗ്ര പാക്കേജ്

June 04, 2021 |
|
News

                  ടൂറിസം മേഖലയ്ക്ക് 400 കോടി രൂപയുടെ വായ്പ; തീരസംരക്ഷണത്തിന് സമഗ്ര പാക്കേജ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ക്കായി ബജറ്റില്‍ 50 കോടി വകയിരുത്തി. തസ്രാക്, ബേപ്പൂര്‍, പൊന്നാനി, തൃത്താല, തിരൂര്‍, ഭാരതപ്പുഴയുടെ തീരം എന്നിവയെ കോര്‍ത്തിണക്കി  മലബാര്‍ ലിറ്റററി സര്‍ക്ക്യൂട്ടിനും അഷ്ടമുടി കായല്‍, മണ്‍റോതുരുത്ത്, കൊട്ടാരക്കര, മീന്‍പുടിപ്പാറ, മുട്ടറപരുത്തിമല, ജഡായുപ്പാറ, തെന്മല, അച്ചന്‍കോവിലാര്‍ എന്നിവയെ ബന്ധപ്പെടുത്തി ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടും നടപ്പിലാക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ടൂറിസം വകുപ്പിന് മാര്‍ക്കറ്റിംഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് 50 കോടി രൂപ അധികമായി അനുവദിക്കുന്നത്. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ്‌സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യഘട്ടം കൊല്ലം, കൊച്ചി തലശ്ശേരി മേഖലയില്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കുന്നതായും ധനമന്ത്രി.

കൊവിഡ് മൂലമുള്ള  സാമ്പത്തിക പ്രതിസന്ധി കാരണം പല സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലേക്കായി സക്കാര്‍ വിഹിതമായ 30 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

തീരമേഖലക്ക് സമഗ്ര പാക്കേജ് നടപ്പിലാക്കും. അതുപോലെ തന്നെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരും. നിലവില്‍ ഏകദേശം 50 കിലോമീറ്ററോളം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബിയില്‍ നിന്നുള്ള സഹായത്തോടെ പുരോഗമിക്കുന്നു. ലോകബാങ്ക്, നബാര്‍ഡ്, കിഫ്ബി തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെ ഈ പദ്ധതിക്ക് സഹായം ലഭ്യമാക്കും.ഏറ്റവും ദുര്‍ബലമായ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നല്‍കും. 2021 ജൂലൈ മാസം ഈ പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യാന്‍ കഴിയും. നാലു വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കോസ്റ്റല്‍ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ ഇതിനകം കിഫ്ബിയില്‍ നിന്ന്  അനുവദിച്ചു കഴിഞ്ഞു. രണ്ട് ചെറിയ റീച്ചുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൊത്തം 645.19 കിലോമീറ്ററ് ദൈര്‍ഘ്യത്തില്‍ 54.71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ സര്‍വ്വേ മിക്കഭാഗങ്ങളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ പ്രൊജക്റ്റ് മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതിനോടൊപ്പമുള്ള തീരദേശ ഹൈവേയില്‍ 25-30 കിലോമീറ്റര്‍ ഇടവേളകളില്‍ പരിസ്ഥിതി സൌഹൃദ സൗകര്യ കേന്ദ്രങ്ങളും സ്ഥാപിക്കും. ആവശ്യമായ ഭൂമി വാങ്ങുന്നതിന് കിഫ്ബി അതിന്റെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്ന് ധനസഹായം ലഭ്യമാക്കും.

Related Articles

© 2025 Financial Views. All Rights Reserved