
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തിയില്‍ വര്‍ധനവ്. മുന്‍വര്‍ഷത്തേക്കാള്‍ 1,349 വര്‍ധിച്ച് 4,700 കോടി രൂപയായി ഉയരുകയായിരുന്നു. അതുപോലെ തന്നെ വായ്പാ തിരിച്ചടവുകളും ഇതേ കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നല്‍കിയിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 244 ശതമാനം വര്‍ധനവാണ് ഇതോടെ രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പാ വിതരണവും ഇതേ കാലയളവില്‍ 1,447 കോടിയില്‍ നിന്ന് 3,729 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പോലും വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 1,082 കോടിയില്‍ നിന്ന് 21 സാമ്പത്തിക വര്‍ഷം 2,833 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പലിശ വരുമാനം 334 കോടിയില്‍ നിന്ന് 436 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
കെഎഫ്‌സിയുടെ പൂര്‍ണ്ണമായ പുനരാവിഷ്‌കരണമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരിയായി വിവിധ ബിസിനസ് മേഖലകള്‍ക്കും അനുയോജ്യമായ വായ്പകളും ഏറ്റവും മികച്ച സേവനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമായി കെഎഫ്‌സി മാറിക്കഴിഞ്ഞിട്ടുമുണ്ടെന്ന് കെഎഫ്‌സി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
വായ്പാ അനുമതി സെന്‍ട്രലൈസ് ചെയ്തും ഇടപാടുകള്‍ക്ക് സിഎംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും സംവദിക്കുന്നതിനുള്ള അവസരമൊരുക്കിയതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സഹായിച്ചതായും സിഎംഡി പറഞ്ഞു. അതേ സമയം തന്നെ കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ 419 വ്യവസായങ്ങള്‍ക്ക് 256 കോടി രൂപയുടെ പുതിയ വായ്പ അനുവദിച്ചതോടെ കെഎഫ്സി ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. 6.5 ശതമാനത്തില്‍ ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞതിനാല്‍ അടിസ്ഥാന വായ്പ പലിശ നിരക്ക് എട്ട് ശതമാനമായി കുറച്ചിരുന്നു.