ഡെബിറ്റ് കാര്‍ഡുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍; കാലാവധി 5 വര്‍ഷം

February 16, 2021 |
|
News

                  ഡെബിറ്റ് കാര്‍ഡുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍;  കാലാവധി 5 വര്‍ഷം

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേ പ്ലാറ്റിനം കാര്‍ഡുകളാണ് നല്‍കുകയെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കെ എഫ്‌സി കാര്‍ഡുകള്‍ ഉപയോഗിച്ച് &ിയുെ;എടിഎം, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി മറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. കെഎഫ്‌സിയുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. ഇനി മുതല്‍ കെ എഫ് സി സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും. കാര്‍ഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോള്‍ വായ്പാ വിനിയോഗം കൃത്യമായി കെഎഫ്‌സി ക്ക് നേരിട്ട് നിരീക്ഷിക്കാനാകുമെന്നും തച്ചങ്കരി അറിയിച്ചു.

ഇതുവരെ കെഎഫ്‌സി വായ്പകളുടെ തിരിച്ചടവ് പ്രതിമാസമായിരുന്നു. ഇപ്പോള്‍ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറുമോ ദിവസം തോറുമോ തിരിച്ചടക്കാന്‍ കഴിയും. ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പുതിയ സൗകര്യം. ഡെബിറ്റ് കാര്‍ഡ് നിലവില്‍ വന്നാല്‍ തിരിച്ചടവ് ഇനിയും ലളിതമാകും. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണ് ഇത്.

കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കും. ശമ്പളവും മറ്റ് അലവന്‍സുകളും ഈ രീതിയില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved