കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടം

October 21, 2021 |
|
News

                  കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടം

പ്രകൃതി ക്ഷോഭത്തില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം ഉണ്ടായതായി മന്ത്രി പി പ്രസാദ്. കണക്കുകള്‍പ്രകാരം ഈ വര്‍ഷം കേരളത്തില്‍ 8,829 കോടിയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ 720 കോടിയുടെ നഷ്ടവും ചേര്‍ത്താണിത്. കുട്ടനാടിലെ കര്‍ഷകരെ ഈ പേമാരി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. റബര്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. മഴയും പ്രകൃതിക്ഷോഭവും മൂലം റബര്‍ വെട്ട് തന്നെ തടസ്സപ്പെട്ടിരിക്കുന്നു.

കനത്തമഴയില്‍ പകച്ചുനില്‍ക്കുകയാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തുകടന്ന് വിപണികള്‍ ഉണര്‍ന്നുവരുന്ന നാളുകളില്‍ ആര്‍ത്തലച്ചുപെയ്യുന്ന മഴ ബിസിനസുകളെ താറുമാറാക്കുകയാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും സ്വകാര്യസംരംഭകരും നൂതനമായ നിരവധി ആശയങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് മഴക്കെടുതി വിനാശം തീര്‍ത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സഞ്ചാരികള്‍ ഒഴിഞ്ഞ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രികര്‍ വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അത്തരം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വരെ താറുമാറാക്കി മഴ തിമിര്‍ത്ത് പെയ്യുന്നത്. മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ സംരംഭകര്‍ക്ക് മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് വരെ വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരുടെ വരുമാനം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെ വിപണിയില്‍ കാര്യമായ ഉണര്‍വ് പ്രകടമല്ല. അതിനിടെ കാര്‍ഷികമേഖലയെയും അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കും വിധം മഴ നാശം വിതയ്ക്കുന്നത് വിപണിയെ വീണ്ടും തളര്‍ത്തും. സാധാരണക്കാര്‍ക്കും കൂലിപ്പണക്കാര്‍ക്കും ജോലിക്ക് പോകാന്‍ പോലുംസമീപ ദിവസങ്ങളില്‍ സാധിച്ചിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved