
പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മില്‍ തുറന്ന പോരില്‍. കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കിഫ്ബിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പരസ്യമായി പ്രസ്താവന നടത്തിയത്. ഇതിനെതിരെ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കിഫ്ബി. ധനലഭ്യത മാത്രമല്ല ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്തമാണ്.
പൊതുമരാമത്തിന്റെ 36 വര്‍ക്കുകളില്‍ ഗുണനിലവാരമോ പുരോഗതിയോ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് കിഫ്ബി ഫേസ്ബുക്ക് പേജിലൂടെ മറുപടി പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണപ്രവൃത്തികളെ അക്കമിട്ട് വിമര്‍ശിക്കുകയാണ് പോസ്റ്റിലൂടെ. ഗുണനിലവാരമില്ലാത്ത പ്രൊജക്ടുകളാണ് വകുപ്പ് തലത്തില്‍ നടത്തുന്നതുകൊണ്ടാണ് ഇടപെടല്‍ നടത്തേണ്ടി വരുന്നതെന്ന് കിഫ്ബി പറയുന്നു.
പാലോട് -കാരേറ്റ് റോഡിന്റെ നിര്‍മാണത്തില്‍ പിഴവുകള്‍ അനവധി കണ്ടെത്തിയിട്ടുണ്ട്. ഈ പിഴവുകള്‍ക്ക് നിര്‍ദേശിച്ച പരിഹാരങ്ങള്‍ ഒന്നും നടപ്പാക്കിയില്ല. നേരത്തെ നിര്‍മാണത്തിലിരുന്ന പന്ത്രണ്ട് പദ്ധതികള്‍ക്ക് ഗുണനിലവാരം സംബന്ധിച്ച തിരുത്തല്‍ നിര്‍ദേശം നല്‍കിയതായും കിഫ്ബി പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കിഫ്ബിയെയും ഉദ്യോഗസ്ഥരെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ പ്രസ്താവന നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിന് പോലും തടസമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്നും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ രാക്ഷസനെ പോലെ പെരുമാറുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുമമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ എന്തു റിപ്പോര്‍ട്ട് നല്‍കിയാലും കിഫ്ബി ഉദ്യോഗസ്ഥര്‍ അതുവെട്ടുകയാണ്. ധനവകുപ്പില്‍ ഫയലുകള്‍ പിടിച്ചുവെക്കുകയും ചെയ്യുന്നു.ഇക്കാര്യം ധനവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നും അദേഹം പ്രസ്താവിച്ചിരുന്നു. കൂടാതെ എല്ലാ കാര്യവും കിഫ്ബിയ്ക്ക ്‌വിട്ടുകൊടുക്കാം. എല്ലാകാര്യവും നോക്കട്ടെയെന്നും മന്ത്രി ജി സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിന് മറുപടിയെന്നോണമാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് പേജില്‍ മറുപടി പ്രസിദ്ധീകരിച്ചത്.
കിഫ്ബിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
ധനലഭ്യത മാത്രമല്ല ,ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്തം
**************************************
വര്‍ക്കല-പൊന്‍മുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുവന്ന മാധ്യമവാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.ഇത് വാമനപുരം-ചിറ്റാര്‍ റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി വരും. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള കിഫ്ബിയുടെ ബോര്‍ഡ് അംഗീകരിച്ച പദ്ധതികളിലൊന്നാണിത്.ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടില്‍ തന്നെ ഇന്‍സ്പെക്ഷന്‍ അഥോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ ഇന്‍സ്പെക്ഷന്‍ അഥോറിറ്റിക്ക് പദ്ധതികള്‍ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം നല്‍കുന്നു.
ഈ പദ്ധതിയില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് എസ്പിവി. എസ്പിവിയെ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതേസമയം ലോകബാങ്ക് സഹായം നല്‍കുന്ന കെ.എസ്.ടി.പി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതികളിലും റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കെ.എസ്.ടി.പി ഡിവിഷനും കേരള റോഡ് ഫണ്ട് ബോര്‍ഡിനും കൈമാറുന്നു. എന്നാല്‍ കിഫ്ബി പദ്ധതിയില്‍ ഈ റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കൈമാറുന്നില്ല.വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിര്‍വഹണം.കെഎസ്ടിപി-സിആര്‍ഡിപി രീതികളേക്കാള്‍ പൊതുമരാമത്ത് വകുപ്പിന്റെ ശേഷി വര്‍ധനയ്ക്ക് ഈ രീതിയാണ് നല്ലതെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു.ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും,എസ്പിവി സിഇഒയും(ഇവിടെ കെ.ആര്‍.എഫ്.ബി),കിഫ്ബി സിഇഓയും ഒരു ത്രികക്ഷി ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനായി എസ്പിവിയെയും വകുപ്പ് ഉദ്യോഗസ്ഥന്‍മാരേയും സഹായിക്കുന്നതിനായി കിഫ്ബി, ടെക്നിക്കല്‍ റിസോഴ്സ് സെന്റര്‍(ടിആര്‍സി)എന്നൊരു സംവിധാനത്തിന് രൂപംകൊടുത്തിട്ടുണ്ട്.ടിആര്‍സി മുന്തിയ തലത്തിലുള്ള സാങ്കേതിക ഉപദേശം വകുപ്പുകള്‍ക്ക് നല്‍കുന്നു.
മേല്‍പ്പറഞ്ഞ പദ്ധതിയിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തയ്ക്കും മുന്നേ പൊതുജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികള്‍ ,വകുപ്പ് തുടര്‍നടപടികള്‍ക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് കിഫ്ബി ഇന്‍സ്പെക്ഷന്‍ ടീം പരാതി ഉയര്‍ന്ന സ്ട്രെച്ചില്‍ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ റോഡ്നിര്‍മാണത്തിലെ ഒട്ടേറെ പിഴവുകള്‍ സംഘം കണ്ടെത്തി. ടി.ആര്‍.സിയും കിഫ്ബിയും ചേര്‍ന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിര്‍മാണം എന്നു സംഘം കണ്ടെത്തി.
വര്‍ക് സൈറ്റില്‍ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്,സ്റ്റീല്‍ രജിസ്റ്ററുകള്‍ നിര്‍മാണം തുടങ്ങി 15 മാസങ്ങള്‍ക്ക് ശേഷവും സൈറ്റില്‍ ഉണ്ടായിരുന്നില്ല.
പ്രൈം,ടാക് കോട്ടുകളുടെ സ്പ്രേ റേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മൂല്യം തെറ്റായിരുന്നു. എന്നിട്ടും ചാര്‍ജുണ്ടായിരുന്ന എന്‍ജിനീയര്‍ അതിന് അനുമതി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ അഥോറിറ്റിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശമുണ്ടായിട്ടും പിഇഡി തയാറാക്കിയില്ല.
കഴിഞ്ഞ ഏപ്രിലില്‍ ഇന്‍സ്പെക്ഷന്‍ ടീം നടത്തിയ പരിശോധനയില്‍ 23 ശതമാനം മാത്രമാണ് നിര്‍മാണത്തിലുണ്ടായ പുരോഗതിയെന്ന് കണ്ടെത്തി. എന്നാല്‍ കരാറനുസരിച്ച് ഈ സമയത്തിനകം 72 ശതമാനം പണികള്‍ കരാറുകാരന്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.പരിശോധനയില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്സാമിനര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ സമയബന്ധിതമായി ഇതു പാലിക്കപ്പെട്ടിട്ടില്ല. പദ്ധതിയുടെ രൂപകല്‍പ്പനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതു കിഫ്ബി മാര്‍ഗരേഖയ്ക്ക് വിധേയമായി മാത്രമേ പാടുള്ളു എന്നതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട കിഫ്ബി നല്‍കിയിട്ടുള്ള മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. ഇത്തരത്തിലുള്ള 36 പിഡബ്ല്യൂഡി നിര്‍മാണപ്രവൃത്തികളില്‍ ഗുണനിലവാരമോ,പുരോഗതിയോ ഇല്ലെന്ന്് ആദ്യഘട്ട പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഈ നിര്‍മാണപ്രവൃത്തികളെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്തുമുഖേന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.നേരത്തെ സംസ്ഥാനത്ത് നിര്‍മാണത്തിലിരുന്ന 12 നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി നിര്‍ദേശംനല്‍കിയിരുന്നു. പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തല്‍ നിര്‍ദേശം നല്‍കിയിട്ടും ഫലംകാണാതെ വന്നതിനെ തുടര്‍ന്നാണ് ഈ 12 പദ്ധതികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കേണ്ടിവന്നത്. ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് ഭാവിയിലും കര്‍ശനമായ ഗുണനിലവാര പരിശോധനയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകും.