
വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്ധന ഔട്ട്‌ലെറ്റുകളുമായി കെഎസ്ആര്‍ടിസി എത്തുന്നു. കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ് എന്ന പേരിലാണ് പമ്പുകള്‍. കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ്. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫ്യുവല്‍സിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചിരുന്നു. പദ്ധതി വഴി വരുമാന വര്‍ധനവാണ് ലക്ഷ്യമിടുന്നത്.
കെഎസ്ആര്‍ടിസി പൊതുമേഖലാ എണ്ണ കമ്പനികളുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഔട്ട്ലെറ്റുകളില്‍ വിതരണം ചെയ്യുന്നത്. ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സെന്റര്‍ തുടങ്ങിയവയും പമ്പുകളില്‍ നിന്ന് ലഭിച്ച് തുടങ്ങും. അഞ്ച് കിലോ വരെ വരുന്ന എല്‍പിജി സിലിണ്ടറുകളും അടുത്ത ഘട്ടത്തില്‍ ഇവിടെ നിന്ന് ലഭിക്കും.
75 പമ്പുകളാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ എന്‍ജിന്‍ ഓയില്‍ വാങ്ങുന്ന ബൈക്ക് യാത്രക്കാര്‍ക്ക് ഓയില്‍ ചെയ്ഞ്ച് സേവനം സൗജന്യമായി നല്‍കും. 200 രൂപയ്ക്കു മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര,- മുച്ചക്ര വാഹന ഉടമകള്‍ക്കും 500 രൂപയ്ക്കു മുകളില്‍ ഇന്ധനം നിറയ്ക്കുന്ന കാര്‍ ഉടമകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ എട്ട് പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായി നല്‍കാനാണ് തീരുമാനം. കിഴക്കേകോട്ട,കിളിമാനൂര്‍,ചടയമംഗലം,ചാലക്കുടി,മൂവാറ്റുപുഴ,മൂന്നാര്‍,ചേര്‍ത്തല,കോഴിക്കോട് എന്നിവടങ്ങളിലെ പെട്രോള്‍ പമ്പുകളാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുക.തുടര്‍ന്ന് 75 പമ്പുകളില്‍ നിന്നും പെട്രോള്‍ നിറയ്ക്കാനായി അനുമതി നല്‍കും.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാം എന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വ്യാപക പ്രതിഷേധവും ഉണ്ടായതിനെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വരുമാനം കുറയുന്നതിനാല്‍ ലാഭകരമായ സര്‍വീസുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സ്ഥാപനം.