സൗകര്യപ്രദമായ സമയമോ മറ്റ് തൊഴില്‍ സാഹചര്യങ്ങളോ ഇല്ല; സ്ത്രീകള്‍ വന്‍ തോതില്‍ ജോലി ഉപേക്ഷിക്കുന്നു

April 12, 2022 |
|
News

                  സൗകര്യപ്രദമായ സമയമോ മറ്റ് തൊഴില്‍ സാഹചര്യങ്ങളോ ഇല്ല; സ്ത്രീകള്‍ വന്‍ തോതില്‍ ജോലി ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: സൗകര്യപ്രദമായ തൊഴില്‍ സമയം അനുവദിക്കാത്തതിനാല്‍ ഇന്ത്യയിലെ നല്ലൊരു ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നതായി ലിങ്ക്ഡ്ഇന്‍ സര്‍വേ റിപ്പോര്‍ട്ട്. ഒറ്റപ്പെടുത്തല്‍, സ്ഥാനക്കയറ്റങ്ങള്‍ തടഞ്ഞുവെയ്ക്കല്‍, കൂടുതല്‍ സമയം ജോലി, ശമ്പളം വെട്ടിക്കുറയ്ക്കല്‍, മേലധികാരികളുടെ മോശമായ പെരുമാറ്റം എന്നീ കാരണങ്ങളാല്‍ സ്ത്രീകള്‍ സൗകര്യ പ്രദമായ തൊഴില്‍ സമയം ആവശ്യപ്പെടാന്‍ പോലും ഭയപ്പെടുന്നുവെന്നും സര്‍വേ പറയുന്നു. ലിങ്ക്ഡ് ഇന്‍ അവരുടെ ഉപഭോക്താക്കളില്‍ 2,266 പേരിലാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സര്‍വേ നടത്തിയത്.

ജോലിയുള്ള 72 ശതമാനം സ്ത്രീകളും സൗകര്യ പ്രദമായ സമയം അനുവദിക്കാത്തതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നവരാണ്. എഴുപത് ശതമാനം സ്ത്രീകള്‍ നിലവില്‍ ജോലി ഉപേക്ഷിക്കുകയോ ജോലി ഉപേക്ഷിക്കാന്‍ തയ്യാറെടുക്കയോ ചെയ്യുന്നുണ്ടെന്നും സര്‍വേ പറയുന്നു. അഞ്ചില്‍ രണ്ട് സ്ത്രീകള്‍ക്കും അവരുടെ തൊഴിലില്‍ പുരോഗതി കൈവരിക്കാനും ജോലിയും-ജീവിതവും സംതുലിതമാക്കാനും, കരിയറില്‍ വളര്‍ച്ച നേടാനും തൊഴില്‍ സഹായിക്കുന്നുണ്ട്.

തൊഴിലുടമയുടെ ശക്തമായ വിവേവചനം മൂലം രാജ്യത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് വലിയ നഷ്ടങ്ങളാണ്. സൗകര്യപ്രദമായ സമയം ആവശ്യപ്പെടുന്നതിന് 10ല്‍ ഒമ്പത് സ്ത്രീകള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കല്‍ അനുഭവിക്കേണ്ടി വന്നു. അഞ്ചില്‍ രണ്ടു പേരുടെ ഈ ആവശ്യം തള്ളിക്കളയുന്നു. നാലില്‍ ഒരാള്‍ മേലധികാരിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുന്നു.

സൗകര്യപ്രദമായ ജോലി സമയം ഇന്നത്തെ പ്രൊഫഷണല്‍സിന്റെ, പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ ഏറ്റവും വലിയ മുന്‍ഗണനയാണ്. എന്നാല്‍ സര്‍വേ പ്രകാരം രാജ്യത്തെ പത്തില്‍ ഏഴ് സത്രീകളും സൗകര്യ പ്രദമായ തൊഴില്‍ ലഭിക്കാത്തതിനാല്‍ അവരുടെ ജോലി ഉപേക്ഷിക്കുകയോ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയോ ചെയ്യുന്നവരാണ്. ഇത് കമ്പനികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. കഴിവുള്ള ജോലിക്കാരെ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ശക്തമായതും അനായാസകരവുമായ നയങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് ലിങ്ക്ഡ്ഇന്റെ ഇന്ത്യ ടാലന്റ് ആന്‍ഡ് ലേണിംഗ് സൊലൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ രുചി ആനന്ദ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved