
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് നിരവധി വ്യവസായങ്ങൾ പിന്നോട്ട് പോകുമ്പോൾ, പിസി, ലാപ്ടോപ്പ് ഉൽപ്പാദകരായ എച്ച്പി, ലെനോവോ എന്നിവ വൻ നേട്ടം കൊയുന്നു. വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കമ്പനികൾ മാറിയതോടെ വൻ തോതിലാണ് കോർപ്പറേറ്റുകളും എന്റർപ്രൈസസുകളും ഉൽപ്പന്നങ്ങൾ വാങ്ങുന്നത്.
മാർച്ച് 24 അർദ്ധരാത്രി മുതൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ക്രോംബുക്സും ബിസിനസ്സ് ലാപ്‌ടോപ്പുകളും സജീവമായിത്തുടങ്ങി. മാർച്ച് ആദ്യം മുതൽ വിവിധ ഓഫീസുകളിൽ നിന്ന് കൊറോണ പോസിറ്റീവ് കേസുകൾ പുറത്തുവരാൻ തുടങ്ങിയതോടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങി.
സാമൂഹിക അകലം പാലിക്കുന്ന ഈ സമയങ്ങളിൽ ലാപ്‌ടോപ്പുകൾക്കും മറ്റ് ആക്‌സസറികൾക്കുമായി ആവശ്യക്കാർ ഉയർന്നിട്ടുണ്ടെന്ന് ലെനോവോ വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള ബിസിനസ്സുകൾക്ക് വിദൂരവും സൗകര്യപ്രദവുമായ പ്രവർത്തനത്തിന്റെ ആവശ്യകത വർദ്ധിച്ചതനുസരിച്ച്, ലാപ്ടോപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ആവശ്യകത വർദ്ധിക്കുന്നതായി കണ്ടുവെന്ന് വക്താവ് പറഞ്ഞു. അതേസമയം എച്ച്പി ഇങ്കിനും വലിയ ഡിമാൻഡുണ്ടായതായും വർക്ക് ഫ്രം ഹോം ഉൽപ്പന്നങ്ങൾ രാജ്യത്ത് വിറ്റഴിഞ്ഞതായും വ്യവസായ മേഖലയിലുള്ളവർ അറിയിച്ചു.
ക്രോംബുക്, ഡാറ്റ ക്ലൗഡിൽ സംഭരിക്കുന്ന സംവിധാനമായതിനാൽ സൈബർ സുരക്ഷ കാഴ്ചപ്പാടിൽ നിന്ന് കമ്പനികൾ ഏറ്റവും കൂടുതൽ വാങ്ങി. എച്ച്പി ക്രോംബുകും ബിസിനസ് ലാപ്‌ടോപ്പുകളും പ്രധാനമായും ഐടി ഭീമന്മാരാണ് വൻതോതിൽ വാങ്ങിയത് എന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് പോലും, പിസി, പ്രിന്റർ തുടങ്ങിയവയുടെ വിൽപ്പന നടന്നിരുന്നു. കാരണം ആശുപത്രികൾ(COVID-19 ഡാറ്റ റെക്കോർഡുചെയ്യാനും പരിപാലിക്കാനും), ബാങ്കുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്ക് സഹായികളായ കാർട്രിഡ്ജുകൾ, ടോണറുകൾ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യാൻ സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. അതിനാൽ അവരുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നു.
സൈബർ മീഡിയ റിസർച്ച് (സിഎംആർ) പ്രസിഡന്റ് തോമസ് ജോർജ് പറയുന്നതനുസരിച്ച്, വർക്ക് ഫ്രം ഹോം സാഹചര്യം കാരണം ലാപ്‌ടോപ്പ്, പിസി എന്നിവയുടെ വിൽപ്പനയിലും വാടകയിലും ഗണ്യമായ വർധനയുണ്ടായി. ഒരു ഐടി സേവന സ്ഥാപനത്തിന് ദിവസവും 4,000-5,000 ലാപ്ടോപ്പുകൾ വിതരണം ചെയേണ്ടതുണ്ട്.
വിതരണ ശൃംഖലകളിലെ സങ്കീർണ്ണത കൈകാര്യം ചെയ്യുന്നതിലെ കരുത്തിന്റെ പിൻബലത്തിൽ, പുതിയ കൊറോണ വൈറസ് വെല്ലുവിളികൾ നേരിട്ടിട്ടും 2020-21 സാമ്പത്തിക വർഷത്തിൽ പിസി കയറ്റുമതി അളവ് ഇരട്ടിയാക്കാനും, 15 ശതമാനം വാർഷിക വരുമാന വളർച്ച രേഖപ്പെടുത്താനും ലെനോവോ ഇന്ത്യ ലക്ഷ്യമിടുന്നു എന്ന് ലെനോവോ ഇന്ത്യ സിഇഒയും എംഡിയുമായ രാഹുൽ അഗർവാൾ അഭിപ്രായപ്പെട്ടു.
എല്ലാ ഭാഗത്തുനിന്നും ആവശ്യം ഇപ്പോഴും വരുന്നതിനാൽ പിസി, പ്രിന്റർ, ലാപ്‌ടോപ്പ് തുടങ്ങിയവയുടെ വിതരണത്തിൽ ഇപ്പോഴും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. ലോക്ക്ഡൗൺ നീങ്ങിയാലുടൻ ഇത് പരിഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. 11 മില്യൺ ഡെസ്‌ക്‌ടോപ്പുകൾ, നോട്ട്ബുക്കുകൾ, വർക്ക് സ്റ്റേഷനുകൾ എന്നിവയുമായി ഇന്ത്യയിലെ പരമ്പരാഗത പിസി വിപണിയിൽ ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 18.1 ശതമാനം വളർച്ച കൈവരിച്ചു.