എല്‍ഐസി ഐപിഒ: നടപടികള്‍ അന്തിമ ഘട്ടത്തില്‍

February 14, 2022 |
|
News

                  എല്‍ഐസി ഐപിഒ:  നടപടികള്‍ അന്തിമ ഘട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടപടികള്‍ അന്തിമ ഘട്ടത്തില്‍. രാജ്യത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഐപിഒയാണ് നടക്കാന്‍ പോകുന്നത്. കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എല്‍ഐസി. നൂറ് ശതമാനം ഓഹരിയും കേന്ദ്രത്തിന്റേത്. ഇതില്‍ അഞ്ച് ശതമാനം ഓഹരികള്‍ പൊതുവിപണിയിലെത്തും. പുതിയ ഓഹരികള്‍ പുറത്തിറക്കില്ല. കേന്ദ്രത്തിന്റെ പക്കലുള്ള 632 കോടി ഓഹരികളില്‍ 31.60 കോടി ഓഹരികളാണ് വില്‍ക്കുക.

പോളിസി ഉടമകള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും ഓഹരി വിലയില്‍ അഞ്ചുശതമാനം വരെ നിരക്കിളവ് ലഭിച്ചേക്കും. 10 ശതമാനം ഓഹരി പോളിസി ഉടമകള്‍ക്ക് നീക്കിവെക്കുമെന്നാണ് അറിയുന്നത്. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 400-600 രൂപയായിരിക്കും എന്ന് പ്രമുഖ ഓഹരി ഇടനിലക്കാര്‍ കണക്കാക്കുന്നു. അഞ്ച് ലക്ഷം കോടിയാണ് എല്‍ഐസിയുടെ മൊത്തം വിപണി മൂല്യം. ഓഹരി വില്‍പന കഴിയുമ്പോള്‍ ഇത് 15 ലക്ഷം കോടിയായി ഉയര്‍ന്നേക്കും. നിലവില്‍ 25 കോടി പോളിസി ഉടമകളുണ്ട് എല്‍ഐസിക്ക്. ഓഹരി ഇടപാട് നടത്താന്‍ വേണ്ട ഡീമാറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം രാജ്യത്ത് എട്ടുകോടിയാണ്.

എല്‍ഐസി ഐപിഒ പ്രഖ്യാപിച്ചശേഷം ഡീ മാറ്റ് അക്കൗണ്ടില്‍ വന്‍വര്‍ധനയുണ്ടായിരുന്നു. ജനുവരിയില്‍ മാത്രം 34 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. എല്‍ഐസി ഐപിഒ വഴി ലക്ഷക്കണക്കിന് നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് പുതുതായി കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട നിക്ഷേപകരില്‍ നിന്ന് മാത്രം ഒരു കോടി അപേക്ഷകള്‍ ലഭിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved