
എല്‍.ഐ.സിയുടെ പുതിയ രണ്ട് യൂണിറ്റ് ലിങ്ക്ഡ് വ്യക്തിഗത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടയ്ക്കാവുന്ന നിവേഷ് പ്ളസ് പ്ളാന്‍, റെഗുലര്‍ പ്രീമിയം പോളിസിയായ എസ്.ഐ.ഐ.പി എന്നീ രണ്ട് പ്ലാനുകളും ഓഫ്‌ലൈനിലും ഓണ്‍ലൈനിലും നല്‍കിത്തുടങ്ങി.
നിവേഷ് പ്ളാനില്‍, പോളിസി കാലയളവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയും നിക്ഷേപവും വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന അഷ്വറന്‍സ് തുകയും ഒറ്റത്തവണ പ്രീമീയം തുകയും നിക്ഷേപകന് സ്വതന്ത്രമായി തിരഞ്ഞെടുക്കാം. ഒറ്റത്തവണ പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും അഷ്വറന്‍സ് തുക. ഒറ്റത്തവണ പ്രീമിയത്തിന്റെ നിശ്ചിത ശതമാനക്കണക്കില്‍ ഗാരന്റീഡ് അഡിഷനും ലഭിക്കും. തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ ഇനമനുസരിച്ച് ഈ തുക യൂണിറ്റുകള്‍ വാങ്ങാന്‍ ഉപയോഗിക്കും. കുറഞ്ഞ പ്രീമിയം ഒരു ലക്ഷം രൂപയാണ്. ഉയര്‍ന്ന പ്രീമിയത്തിന് പരിധിയില്ല.
എസ്.ഐ.ഐ.പി തിരഞ്ഞെടുക്കുന്നവര്‍ക്ക് കാലാവധി അനുസരിച്ച് പ്രീമിയം തുക തിരഞ്ഞെടുക്കാം. 55 വയസില്‍ താഴെയുള്ളവര്‍ക്ക് അഷ്വറന്‍സ് തുക വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയും 55നുമേല്‍ പ്രായമുള്ളവര്‍ക്ക് ഏഴ് ഇരട്ടിയുമാണ്. ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം 40,000 രൂപ. കൂടിയ പ്രീമിയത്തിന് പരിധിയില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ യൂണിറ്റ് ഫണ്ടിന്റെ മൂല്യമനുസരിച്ചുള്ള തുക ലഭിക്കും. രണ്ടു പോളിസികളിലും അഞ്ചു വര്‍ഷത്തിന് ശേഷം നിബന്ധനകള്‍ക്കു വിധേയമായി ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കും. രണ്ട് പദ്ധതികളും ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാവുന്നതാണ്. 2020 മാര്‍ച്ച് 2 മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും.