
പാപ്പരത്ത നടപടികള്‍ക്ക് വിധേയമായ ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേസ് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്നു. കല്‍റോക്ക് ക്യാപിറ്റല്‍, മുരാരി ലാല്‍ ജലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എയര്‍ലൈനിനെ പുനരുജ്ജീവിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍. കല്‍റോക്ക് ക്യാപിറ്റല്‍, മുരാരി ലാല്‍ ജലന്‍ സംയുക്ത കണ്‍സോര്‍ഷ്യത്തിന്റെ പ്രമേയ പദ്ധതിക്ക് വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ-വോട്ടിംഗിലൂടെ അംഗീകരം നല്‍കി.
ഇ-വോട്ടിംഗ് സമാപിച്ചു. ഒക്ടോബര്‍ 17, 2020ന് മുരാരി ലാല്‍ ജലനും ഫ്‌ലോറിയന്‍ ഫ്രിറ്റ്ഷും ജെറ്റ് എയര്‍വേസിനായി സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍, കോഡിന്റെ 30 (4) വകുപ്പ് പ്രകാരം വിജയകരമായ റെസല്യൂഷന്‍ പ്ലാനായി വായ്പാദാതാക്കളുടെ സമിതി അംഗീകരിച്ചതായി റെസല്യൂഷന്‍ പ്രൊഫഷണല്‍ അറിയിച്ചു.
കല്‍റോക്ക് കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പദ്ധതിയില്‍ സമിതിയിലെ ഭൂരിപക്ഷവും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറ്റ് എയര്‍വേസിന്റെ റെസല്യൂഷന്‍ നടപടികള്‍ക്ക് ഇനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. എന്‍സിഎല്‍ടി അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, യഥാക്രമം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയര്‍ലൈന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമര്‍പ്പിക്കണം.
പ്രധാന വിമാനത്താവളങ്ങളിലെ ജെറ്റ് എയര്‍വേയ്‌സ് സ്ലോട്ടുകളും അതിന്റെ ട്രാഫിക് അവകാശങ്ങളും മറ്റ് വിമാനക്കമ്പനികള്‍ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുകയാണ്. കമ്പനിയുടെ ഓപ്പറേറ്റിംഗ് പെര്‍മിറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്, അത് സജീവമാക്കേണ്ടതുണ്ട്. കൂടാതെ പൈലറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും ലൈസന്‍സുകള്‍ പുതുക്കുകയും വേണം. പുതിയ ഉടമകള്‍ക്ക് മുന്നില്‍ അനേകം കടമ്പകളുണ്ട് ഇനിയും.
സ്ലോട്ടുകളും അവകാശങ്ങളും ഒരു പ്രശ്‌നമാകില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ലോട്ടുകളും അവകാശങ്ങളും പൂളിലേക്ക് തിരികെ പോകുകയും എയര്‍ലൈനിന്റെ വലുപ്പത്തിനും ആവശ്യത്തിനും അനുസരിച്ച് വീണ്ടും അനുവദിക്കുകയും ചെയ്യുമെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനകാര്യ വായ്പാദാതാക്കള്‍, ഓപ്പറേഷന്‍സ് രംഗത്ത് കിട്ടാക്കടമായവര്‍, ജീവനക്കാര്‍ എന്നിവരുടെ ക്ലെയിമുകള്‍ 40,000 കോടി രൂപയായി ഉയര്‍ന്നു. അതില്‍ 15,525 കോടി രൂപയുടെ ക്ലെയിമുകള്‍ റെസല്യൂഷന്‍ പ്രൊഫഷണല്‍ അംഗീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയ ധനകാര്യ വായ്പക്കാര്‍ 11,344 കോടി രൂപ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 7,459. 80 കോടി രൂപ മാത്രമാണ് അംഗീകരിച്ചത്.
കൊവിഡ് -19 കാരണം ആഗോളതലത്തില്‍ വ്യോമയാന കമ്പനികള്‍ ദുരിതമനുഭവിക്കുമ്പോള്‍ പുതിയ നിക്ഷേപകര്‍ക്ക് ഇത് അവസരങ്ങളും നല്‍കിയിട്ടുണ്ട്. വിമാന നിര്‍മ്മാതാക്കളുമായും വിതരണക്കാരുമായും മികച്ച നിരക്കുകള്‍ ചര്‍ച്ച ചെയ്യാന്‍ പുതിയ ഉടമകള്‍ക്ക് ഇതിലൂടെ കഴിയും. പാട്ട നിരക്ക് കുറഞ്ഞു. പൈലറ്റ് ലഭ്യതയും കൂടി. പലരും കുറഞ്ഞ പാക്കേജുകളില്‍ ജോലിക്ക് ചേരാന്‍ തയ്യാറാകാമെന്നും ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് കെ ജി വിശ്വനാഥ് പറഞ്ഞു.
ഇന്ത്യയില്‍ നിലവിലുള്ള വിമാനക്കമ്പനികള്‍ ഇപ്പോള്‍ വളരെ ദുര്‍ബലമാണ്. ഗതാഗതം കുറയുന്നതുമൂലം ഉയര്‍ന്ന നഷ്ടം അവര്‍ നേരിടുന്നു. പുതിയ ഉടമകള്‍ എങ്ങനെയാണ് ജെറ്റ് എയര്‍ലൈനിനെ മാറ്റിയെടുക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് നിലവില്‍ വ്യക്തതക്കുറവുളളതായാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.