
തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ ചതി ചെറുക്കാന്‍ നിയമനിര്‍മാണം ആലോചിക്കുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. ഇത്തരം ആപ്പുകള്‍ വഴി പണം കടമെടുത്ത ശേഷം ഭീഷണി മൂലം ആത്മഹത്യ വരെ ചെയ്യേണ്ടി വന്നവരുടെ അനുഭവം ചൂണ്ടിക്കാട്ടി കെ.എസ്. ശബരീനാഥന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. 'മലയാള മനോരമ' ഈ വിപത്തിന്റെ ആഴം വ്യക്തമാക്കിയത് ശബരീനാഥന്‍ വിവരിച്ചു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമല്ലാതെ നാനൂറോളം ആപ്പുകളുണ്ടെന്നു മന്ത്രി പറഞ്ഞു. 65 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് ഹൈടെക് സെല്ലും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നു. 9 പരാതികളില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വായ്പയുടെ 30% ഇവര്‍ പ്രോസസിങ് ഫീസായി ഈടാക്കുന്നു. തിരിച്ചടവു വൈകിയാല്‍ സംഘടിതമായി ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു. പല ആപ്പുകള്‍ക്കും പിന്നില്‍ ഒരേ ആളുകളാണ്. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ഓണ്‍ലൈന്‍ റമ്മിയുടെ കാര്യത്തിലും ജാഗ്രത പുലര്‍ത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.